Skip to main content

പ്രളയാനന്തര കേരളം എന്ത് ചിന്തിക്കുന്നു,  എങ്ങനെ ചിന്തിക്കുന്നു; സര്‍വെ രണ്ടിന്  

സംസ്ഥാന സാക്ഷരതാമിഷന്‍ പ്രളയാനന്തര കേരളം എന്ത് ചിന്തിക്കുന്നു, എങ്ങനെ ചിന്തിക്കുന്നു എന്നതില്‍ സര്‍വെ സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ രണ്ടിനാണ് സര്‍വെ. സര്‍വെ റിപ്പോര്‍ട്ട് ക്രോഡീകരിച്ച് കണ്ടെത്തലുകള്‍ സര്‍ക്കാറിനു സമര്‍പ്പിക്കും. രണ്ടര ലക്ഷം വീടുകളിലാണ് സംസ്ഥാനതലത്തില്‍ സര്‍വെ നടത്തുന്നത്. കാസര്‍കോട്  ജില്ലയില്‍ 15,000 വീടുകളില്‍ സര്‍വെ നടത്തും. പത്താംതരം, ഹയര്‍സെക്കണ്ടറി തുല്യതാ പഠിതാക്കള്‍ അവരുടെ സമീപത്തുള്ള അഞ്ച് വീടുകളിലാണു സര്‍വെ നടത്തേണ്ടത്. പ്രളയദുരന്തത്തെ ജനങ്ങള്‍ എങ്ങനെ കാണുന്നു, ദുരന്ത പ്രതിരോധത്തെക്കുറിച്ച് സമൂഹത്തിലുള്ള അവബോധം, നവകേരള നിര്‍മ്മിതിയെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് എന്നിവയാണ് പഠന വിധേയമാക്കുന്നത്.
    പ്രളയദുരന്തത്തെക്കുറിച്ച് അറിഞ്ഞത് എങ്ങനെ? പ്രളയാനന്തരം പടര്‍ന്നു പിടിക്കാവുന്ന രോഗങ്ങള്‍എന്തൊക്കെ? ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ എങ്ങനെ പങ്കാളികളായി? കാലാവസ്ഥവ്യതിയാനത്തെക്കുറിച്ച് അറിവുണ്ടോ? ദുരന്തത്തെ പ്രതിരോധത്തെക്കുറിച്ച് അറിവുണ്ടോ? പ്രകൃതിദുരന്തമുണ്ടായാല്‍ ആവശ്യമായ മുന്‍കരുതലുകളെക്കുറിച്ച് അറിവുണ്ടോ ദുരന്തത്തെ പ്രതിരോധിക്കാന്‍ ആര്‍ക്കാണ് ഉത്തരവാദിത്വം, ദുരന്ത പ്രതിരോധത്തെക്കുറിച്ച് സമൂഹത്തെ ബോധ്യപ്പെടുത്തുവാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെ തുടങ്ങിയ 15 ചോദ്യങ്ങളാണ് സര്‍വെയിലുള്ളത്. 
    ഒക്‌ടോബര്‍ ഏഴിന് പഠന കേന്ദ്രങ്ങളില്‍ സര്‍വെ റിപ്പോര്‍ട്ട് പ്രകാശനം ചെയ്യും.ജില്ലാതലത്തില്‍ പഠനകേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് സര്‍വെ പരിശീലനം നല്‍കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മഫിലിപ്പ് ഉദ്ഘാടനം ചെയ്തു.ജില്ലാകോ-ഓര്‍ഡിനേറ്റര്‍ ഷാജുജോണ്‍ അധ്യക്ഷത വഹിച്ചു. അക്കാഡമിക്ക് കണ്‍വീനര്‍ കെ.രാഘവന്‍മാസ്റ്റര്‍ ക്ലാസ്സ് എടുത്തു.

date