Skip to main content

കേരളത്തിന്റെ  പുനര്‍നിര്‍മാണത്തിന് എല്ലാവരും കൈകോര്‍ക്കണം:  മന്ത്രി ഇ.പി. ജയരാജന്‍

 

*പെയിന്റ് കമ്പനികളുടെ സഹകരണത്തോടെ സര്‍ക്കാര്‍ സ്‌കൂളുകളും അങ്കണവാടികളും നവീകരിക്കുന്ന പദ്ധതിക്ക് തുടക്കമായി

  പ്രളയത്തില്‍തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാന്‍ എല്ലാവരും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. നവകേരള നിര്‍മാണത്തിന്റെ ഭാഗമായി  ഡ്യൂറോലാക് പെയിന്റ് കമ്പനി അമ്പതുലക്ഷം രൂപ ചെലവിട്ട് സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളും അംഗന്‍വാടികളും ഡിസ്‌പെന്‍സറികളും നവീകരിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കരമന നെടുങ്കാട് യു.പി. സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രളയത്തില്‍ സംസ്ഥാനത്ത് വന്‍ നാശനഷ്ടങ്ങളാണുണ്ടായത്. പതിനായിരക്കണക്കിന് വീടുകളും വിദ്യാലയങ്ങളും വ്യാപാര സ്ഥാപനങ്ങളും നശിച്ചു. ഇവ പുനര്‍നിര്‍മിക്കാന്‍ വലിയ ധനസമാഹരണം നടത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി വിവിധ വ്യവസായികളുടെ സഹകരണം സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. കേരളത്തില്‍ വിതരണം നടത്തുന്ന പെയിന്റ് കമ്പനിക്കാര്‍ മാര്‍ക്കറ്റ് വിലയുടെ അമ്പതു ശതമാനം കുറച്ച് ഉത്പന്നങ്ങള്‍ വിതരണം ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഡ്യൂറോലാക് പെയിന്റ് കമ്പനി ആന്റി ബയോട്ടിക് സാങ്കേതികവിദ്യയിലുള്ള പെയിന്റുകള്‍ ഉപയോഗിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളും അങ്കണവാടികളും നവീകരിക്കാന്‍ മുന്നോട്ടു വന്നതില്‍ സന്തോഷമുണ്ടെന്നും സര്‍ക്കാരിനുവേണ്ടി കമ്പനിക്ക് നന്ദി  അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.

മേയര്‍ വി.കെ. പ്രശാന്ത്, കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ  സി. സുദര്‍ശനന്‍, പാളയം രാജന്‍, എസ്. പുഷ്പലത, പി.ടി.എ. പ്രസിഡന്റ് ഉഷ, ഹെഡ്മിസ്ട്രസ് സുനിതകുമാരി എസ്., ഡ്യൂറോലാക് പെയിന്റ്സ് ഡയറക്ടര്‍ കെ.പി.അനില്‍ദേവ് തുടങ്ങിയവര്‍ സംബന്ധിച്ചു.

പി.എന്‍.എക്‌സ്.4197/18

date