Skip to main content

ദുരന്തനിവാരണ ആശയങ്ങള്‍ പാഠ്യഭാഗങ്ങളില്‍ ഉള്‍പ്പെടുത്തും

 

*ശില്‍പശാലകള്‍ സംഘടിപ്പിച്ചു 

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ദുരന്തനിവാരണം കൂടുതല്‍ പ്രാധാന്യം നല്‍കി ഉള്‍പ്പെടുത്തുന്നതിന് യൂണിസെഫ്, ബംഗളൂരു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ് (NIMHANS) എന്നിവയുമായി ചേര്‍ന്ന് എസ്.സി.ആര്‍.ടി ശില്പശാലകള്‍ സംഘടിപ്പിച്ചു. നിംഹാന്‍സ് രജിസ്ട്രാര്‍ ഡോ.ശേഖര്‍ അതിഥിയായിരുന്നു. എസ്.സി.ഇ.ആര്‍.ടി.ഡയറക്ടര്‍ ഡോ.ജെ.പ്രസാദ് അധ്യക്ഷത വഹിച്ചു.

ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മനുഷ്യന്റെ പങ്ക്, അപകടങ്ങള്‍ കുറക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, ദുരന്തം സംഭവിച്ചാല്‍ ചെയ്യേണ്ടത്, പുനരധിവാസപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ  പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ചായിരുന്നു ശില്പശാലകള്‍. ഭാഷാവിഷയങ്ങള്‍, സയന്‍സ്, സാമൂഹ്യശാസ്ത്രം എന്നിവ പഠിപ്പിക്കുന്ന 50 അധ്യാപകരാണ് പങ്കെടുത്തത്. ഇതുമായി ബന്ധപ്പെട്ട വീഡിയോ പാഠങ്ങള്‍ സമഗ്ര പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും.  സമഗ്ര പോര്‍ട്ടല്‍ പ്രയോജനപ്പെടുത്തി വീഡിയോ പാഠം കുട്ടികളിലും രക്ഷിതാക്കളിലും എത്തിക്കാനും കഴിയും. കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യ നില മനസിലാക്കി ഇടപെടുന്നതിനും അവര്‍ക്കുവേണ്ട പിന്തുണ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും ഇതര വകുപ്പുകളുമായി ചേര്‍ന്ന് അധ്യാപകര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിക്കും. ദുരന്തങ്ങളെ ഫലപ്രദമായി നേരിടാനും അതിജീവിക്കാനും കെല്‍പ്പുള്ള സമൂഹത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.  

 പി.എന്‍.എക്‌സ്.4205/18

date