Skip to main content

ദുരിതാശ്വാസ ധനസഹായം അപ്പീല്‍: അര്‍ഹരായവരുടെ പണം ഉടന്‍  അക്കൗണ്ടിലേക്ക് നല്‍കണം: മന്ത്രി മാത്യു ടി തോമസ് 

പ്രളയ ദുരിതാശ്വാസ ധനസഹായം ലഭിക്കുന്നതിന് അപ്പീല്‍ നല്‍കിയവരില്‍ അര്‍ഹരെന്നു കണ്ടെത്തിയ 4078 പേരുടെ പണം ഉടന്‍ അക്കൗണ്ടിലേക്ക് നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് നിര്‍ദേശിച്ചു. പ്രളയവുമായി ബന്ധപ്പെട്ട ധനസഹായ വിതരണം, വീടുകളുടെ നാശനഷ്ടം കണക്കാക്കുന്നതിനുള്ള സര്‍വേ എന്നിവ വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
അടൂര്‍, മല്ലപ്പള്ളി, കോന്നി, റാന്നി താലൂക്കുകളിലെ അപ്പീല്‍ അപേക്ഷകരില്‍ അര്‍ഹരായവരുടെ ധനസഹായം ഇന്നും(27) തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലേത് രണ്ടു ദിവസത്തിനകവും അക്കൗണ്ടുകളിലേക്ക് നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു. വീടുകളുടെ സര്‍വേ പൂര്‍ത്തികരിച്ചതു സംബന്ധിച്ച റിപ്പോര്‍ട്ട് എല്ലാ എംഎല്‍എമാര്‍ക്കും നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു. 
അപ്പീല്‍ അപേക്ഷകരില്‍ അര്‍ഹരായവരുടെ ധനസഹായം എത്രയും വേഗം നല്‍കണമെന്ന് എംഎല്‍എമാരായ രാജു ഏബ്രഹാം, വീണാജോര്‍ജ്, ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. പ്രളയത്തെ തുടര്‍ന്ന് ലോഡ്ജുകളില്‍ കഴിഞ്ഞ ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ ധനസഹായത്തിനായി പരിഗണിക്കണമെന്ന് രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു. ഇതുസംബന്ധിച്ച ഉത്തരവില്‍ ഇക്കാര്യം ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു പരിശോധിച്ച ശേഷം സര്‍ക്കാരിലേക്ക് അറിയിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ 120 പേര്‍ക്ക് ധനസഹായം ലഭിച്ചിട്ടില്ലെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. നാശനഷ്ടം സംഭവിച്ച എല്ലാ വീടുകളും സര്‍വേയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് എംഎല്‍എമാരായ വീണാ ജോര്‍ജും ചിറ്റയം ഗോപകുമാര്‍ എംഎല്‍എയും പറഞ്ഞു. 
അപ്പീല്‍ അപേക്ഷകരില്‍ അര്‍ഹരായ 4078 പേര്‍ക്കും വിതരണം ചെയ്യുന്നതിനുള്ള ഫണ്ട് ലഭ്യമായിട്ടുണ്ടെന്നും ഇന്നലെ (26) തന്നെ ഇത് താലൂക്കുകളിലേക്ക് കൈമാറുമെന്നും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. വിതരണം ചെയ്യുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമായിട്ടുണ്ട്. 41510 പേര്‍ക്ക് 10,000 രൂപ ധനസഹായം നല്‍കുന്നതിനുള്ള ബില്ല് ട്രഷറിയിലേക്ക് നേരത്തെ നല്‍കിയിരുന്നു. ഇതിനു ശേഷം 8040 അപ്പീല്‍ ലഭിച്ചതില്‍ അര്‍ഹരായി കണ്ടെത്തിയവരില്‍ 3691 പേര്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള ബില്ലും ട്രഷറിയിലേക്ക് നല്‍കിയിരുന്നു.  ഇതുള്‍പ്പെടെ ഇതുവരെ ആകെ 45201 പേര്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള ബില്ല് ട്രഷറിയിലേക്ക് നല്‍കിയിട്ടുണ്ട്. അവശേഷിക്കുന്ന 4078 പേരുടെ ധനസഹായം ഉടന്‍ നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു. സര്‍വേയില്‍ ഭൂമിയും കെട്ടിടവും പൂര്‍ണമായി നഷ്ടമായ 28 കേസുകളും കെട്ടിടം പൂര്‍ണമായി തകര്‍ന്ന 799 കേസുകളും ഭാഗികമായി കെട്ടിടം തകര്‍ന്ന 16505 കേസുകളും കണ്ടെത്തിയെന്ന് എല്‍എസ്ജിഡി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ യോഗത്തെ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ എസ്.ശിവപ്രസാദ്, ആര്‍ഡിഒമാരായ എം.എ. റഹീം, റ്റി.കെ. വിനീത്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എന്‍.അബൂബക്കര്‍ സിദ്ദിഖ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                                (പിഎന്‍പി 3069/18)

date