Skip to main content

നവകേരളത്തിനായി കൈകോര്‍ത്ത് കുരുന്നുകളും

നാളെയുടെ തലമുറയിലെ പ്രതീക്ഷകള്‍ പ്രതിഫലിപ്പിച്ച് കേരളത്തിന്റെ പുനര്‍നിര്‍മിതിക്കായി കൈകോര്‍ത്ത് കുരുന്നുകളും. കൊടുമണ്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലെ യുവകേരള ബാലസഭയിലെ കുട്ടികളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഓണാഘോഷത്തിനായി ശേഖരിച്ച തുക കൈമാറി മാതൃകയായത്. ഓണാഘോഷത്തിന്റെ ചിലവിനായി വീടുകളില്‍ നിന്നും പിരിച്ച പതിനായിരം രൂപയാണ് സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിനായി നല്‍കിയത്. ജില്ലയെ വിഴുങ്ങിയ പ്രളയത്തിന്റെ ഭീകരതകള്‍ ടെലിവിഷനിലൂടെ കണ്ടറിഞ്ഞ കുട്ടികള്‍ ഓണാഘോഷം ഉപേക്ഷിച്ച്, ശേഖരിച്ച മുഴുവന്‍ തുകയും സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിനായി നല്‍കാന്‍ തയ്യാറാകുകയായിരുന്നു. ഈ തുക എങ്ങനെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് എത്തിക്കണമെന്നറിയാതെ നിന്ന ഇവര്‍ക്ക് വഴികാട്ടിയായി വാര്‍ഡ് മെമ്പര്‍ കെ.പുഷ്പലത എത്തിയതോടെ യഥാര്‍ത്ഥ കരങ്ങളില്‍ കുഞ്ഞുകുരുന്നുകളുടെ ശേഖരണം എത്തി. ഇവര്‍ സമാഹരിച്ച പതിനായിരം രൂപയുടെ ചെക്ക് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന് കുരുന്നുകള്‍ കൈമാറി. കളക്ടറുടെ സ്‌നേഹചോദ്യങ്ങള്‍ക്ക് പുഞ്ചിരി തുളുമ്പുന്ന മറുപടികള്‍ നല്‍കിയാണ് വലിയ മനസുള്ള ഈ കുരുന്നുകള്‍ മടങ്ങിയത്. എഡിഎസ് പ്രസിഡന്റ് പ്രസന്ന, സെക്രട്ടറി പ്രഭാദേവി, സിഡിഎസ് അംഗം കുമാരി ശകുന്തള, ബാലസഭ പ്രസിഡന്റ് വിപഞ്ചിക, സെക്രട്ടറി മഞ്ജു, മറ്റ് ബാലസസഭാ അംഗങ്ങള്‍ എന്നിവര്‍ ഒരുമിച്ചെത്തിയാണ് ചെക്ക് കളക്ടറിന് കൈമാറി.
                                             (പിഎന്‍പി 3071/18)

date