Skip to main content

റാന്നിയില്‍ ഡി അഡിക്ഷന്‍ സെന്റര്‍ തുടങ്ങും

മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവരുടെ മോചനത്തിനായി റാന്നിയില്‍ ഡീ അഡിക്ഷന്‍ സെന്ററുമായി എക്‌സൈസ് വകുപ്പ്. റാന്നി താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ഡീ അഡിക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനം നവംബര്‍ ആദ്യവാരത്തോടെ ആരംഭിക്കുമെന്ന് ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ. ചന്ദ്രപാലന്‍ അറിയിച്ചു. എഡിഎം ചേംബറില്‍ കളക്ട്രേറ്റ് സീനിയര്‍ സൂപ്രണ്ട് വി.എ ബേബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വ്യാജമദ്യനിയന്ത്രണ സമിതിയോഗത്തിലാണ് തീരുമാനം. കഴിഞ്ഞ രണ്ട് മാസത്തിനിടെ ജില്ലയിലെ ഏഴ് എക്‌സൈസ് റേഞ്ച് പരിധിയിലായി 1541 റെയ്ഡുകള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തി. 178 അബ്കാരി കേസുകളിലായി 154 പേരെ പ്രതിചേര്‍ക്കുകയും 140 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടാതെ ജില്ലയിലെ അനധികൃത വിദേശമദ്യവില്‍പ്പന കേന്ദ്രങ്ങളില്‍ റെയ്ഡുകള്‍ നടത്തി ഇത്തരക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസുകള്‍ എടുത്തു. ഇതരസംസ്ഥാന തൊഴിലാളികള്‍ വഴി കഞ്ചാവിന്റെ ഉപയോഗം തടയുന്നതിനായി റെയില്‍വേ സ്‌റ്റേഷനിലും ലേബര്‍ ക്യാമ്പുകളിലും പരിശോധനകള്‍ നടത്തുന്നുണ്ടെന്നും ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു. കുട്ടികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി ജില്ലയിലെ വിദ്യാലയങ്ങളില്‍ പരിശോധന നടത്തുന്നതിനായി രണ്ട് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ജി. ചന്തു അറിയിച്ചു. സ്‌കൂളുകളിലെ ലഹരിവിരുദ്ധ ക്ലബ്ബുകള്‍ മികച്ച രീതിയില്‍ നടക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി. ജില്ല നേരിട്ട മഹാപ്രളയത്തില്‍ നിന്നും കൈത്താങ്ങാവുന്നതിനായി വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളെ യോഗം അഭിനനന്ദിച്ചു. മദ്യവര്‍ജ്ജന സമിതി പ്രതിനിധികള്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
                                                 (പിഎന്‍പി 3074/18)

date