Skip to main content

ശീതകാല പച്ചക്കറികളുമായി ഒരുകൂട്ടം കുരുന്നുകള്‍

 

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ശീതകാല പച്ചക്കറികള്‍ കൃഷി ചെയ്ത് താരങ്ങളാവുകയാണ് ഒരു കൂട്ടം കുരുന്നുകള്‍. നമ്മുടെ കാലാവസ്ഥയിലും ശീതകാല പച്ചക്കറികള്‍ വളരുമെന്ന് കാണിച്ചുതരികയാണ് പന്തളം പൂഴിക്കാട് ഗവണ്‍മെന്റ് യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. മഞ്ഞ് മൂടിയ പ്രദേശങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ശീതകാല പച്ചക്കറി നാട്ടിലേയ്ക്ക വ്യാപിച്ചതോടെയാണ് സ്‌കൂള്‍ മുറ്റത്തും മൈതാനത്തും ഇവ കൃഷി ചെയ്യുന്നതിനുള്ള തീരുമാനം അധികൃതര്‍ എടുത്തത്. ചെറിയ രീതിയില്‍ ആരംഭിച്ച കൃഷിയിടത്ത് കാബേജ്, കോളിഫ്‌ളവര്‍, ബീറ്റ്‌റൂട്ട്, കാരറ്റ്, ബീന്‍സ്, ചീര, വെണ്ട തുടങ്ങി ഇനി കൃഷിയിറക്കാനുള്ള പച്ചക്കറികള്‍ വിരളമാണ്. തൈ നട്ട് ഏകദേശം രണ്ടേകാല്‍ മാസത്തിനുള്ളില്‍ വിളവെടുക്കാന്‍ കഴിയുന്നവയാണ് ശീതകാല പച്ചക്കറികള്‍. 700 കുട്ടികള്‍ ഉള്ള പൂഴിക്കാട് ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ രാവിലെയും വൈകിട്ടും ഒഴിവുനേരങ്ങളിലുമാണ് പച്ചക്കറി കൃഷി. പരിപാലനം പൂര്‍ണമായും കുട്ടികള്‍ തന്നെയാണ് ചെയ്യുന്നത്. മേല്‍നോട്ടത്തിനായി അധ്യാപകരും മറ്റ് ജീവനക്കാരും സജീവമായി ഉണ്ട്. ജൈവകൃഷിയുടെ ആവശ്യകത പുതുതലമുറയ്ക്ക്.  മനസിലാക്കി കൊടുക്കുന്നതിനായി നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവിടെ കൃഷി ആരംഭിച്ചത്. ആദ്യമായാണ് ശീതകാല പച്ചക്കറികൃഷി കുട്ടികളുടെ മേല്‍നോട്ടത്തില്‍ സ്‌കൂളില്‍ ആരംഭിച്ചതെന്ന് പ്രധാനാധ്യാപിക വിജയലക്ഷ്മി പറഞ്ഞു. കൃഷിയുടെ അറിവുകള്‍ പറഞ്ഞുനല്‍കുന്നതിനും പരിപാലനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ക്കായും പന്തളം കൃഷി ഓഫീസര്‍ ശ്യാംകുമാറും വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുണ്ട്. പൂര്‍ണമായും ജൈവ പച്ചക്കറി കൃഷിയാണ് ഇവിടെ ചെയ്യുന്നത്. രാസവളങ്ങള്‍ക്കും കീടനാശിനികള്‍ക്കും ഇവിടെ പ്രവേശനമില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ഒരേ സ്വരത്തില്‍ പറയുന്നു. പ്ലാസ്റ്റിക് മുക്ത കാമ്പെയ്‌ന്റെ ഭാഗമായി ഗ്രോബാഗുകള്‍ പൂര്‍ണമായും ഒഴളിവാക്കി മണ്‍ചട്ടികളിലാണ് ഈ കുട്ടികൃഷി.          (പിഎന്‍പി 3140/18)

date