Skip to main content

വാര്‍ഷിക പദ്ധതി നിര്‍വ്വഹണത്തില്‍ 43 ശതമാനം പുരോഗതി

 

 

  പ്രളയക്കെടുതികള്‍ക്കിടയിലും വകുപ്പുകളുടെ വാര്‍ഷിക പദ്ധതി നിര്‍വ്വഹണത്തില്‍ 43 ശതമാനം പുരോഗതി കൈവരിച്ചതായി കളകട്രേറ്റില്‍ നടന്ന ജില്ലാ വികസന സമിതി യോഗം വിലയിരുത്തി. പദ്ധതിയിനത്തില്‍  നാല്‍പ്പതോളം വകുപ്പുകള്‍ക്ക് ലഭിച്ച 227.43 കോടി രൂപയില്‍ 97.53 കോടി രൂപയാണ് ആഗസ്റ്റ് 31 വരെ ചിലവഴിച്ചത്. പൂര്‍ണ്ണ കേന്ദ്രവിഷ്‌കൃത പദ്ധതികളില്‍ 46.88 ശതമാനം  നിര്‍വ്വഹണ പുരോഗതിയും നേടിയിട്ടുണ്ട്. ഈ ഇനത്തില്‍ 1.48 കോടി രൂപ ചെലവഴിച്ചു. മറ്റ്  കേന്ദ്രവിഷ്‌കൃത പദ്ധതികളിലെ 94.82 കോടി രൂപയില്‍ 52.46 കോടി രൂപ വിനിയോഗിച്ചു. 55.33 ശതമാനം പുരോഗതി. എ.ഡി.എം കെ അജീഷിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് പദ്ധതി നിര്‍വ്വഹണം അവലോകനം ചെയ്തത്. 

 

പ്രളയത്തിലും ഉരുള്‍പ്പൊട്ടലിലുമായി സെപ്തംബര്‍ 22 വരെ ജില്ലയില്‍ 2251 കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ഉല്‍പാദന മേഖലയില്‍ 1076 കോടിയും ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ 1004 കോടിയും സേവന മേഖലയില്‍ 171 കോടി രൂപയുടെയും നാശനഷ്ടങ്ങളും ഉണ്ടായതായി ജില്ലാ വികസന സമിതി യോഗം വിലയിരുത്തി. പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ നന്നാക്കുന്നതിനും റോഡില്‍ പതിച്ച മണ്ണ് നീക്കം ചെയ്യുന്നതിനുമായി 23.26 കോടി രൂപയുടെ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി  പൊതുമരാമത്ത് (നിരത്തുകള്‍) വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍  യോഗത്തെ അറിയിച്ചു. കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ 4.76 കോടി, മാനന്തവാടി നിയോജക മണ്ഡലത്തില്‍ 13.80 കോടി,സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ 4.70 കോടി  എന്നീ തുകകള്‍ക്കുളള അനുമതിയാണ് ലഭിച്ചത്. കല്‍പ്പറ്റയില്‍ 10 പ്രവര്‍ത്തികളുടെയും മാനന്തവാടിയിലെ 2 പ്രവര്‍ത്തികളുടെയും ടെണ്ടര്‍ നടപടികളും പൂര്‍ത്തീകരിച്ചു. കല്‍പ്പറ്റ ടൗണ്‍ നവീകരണ പ്രവര്‍ത്തികളുടെ എസ്റ്റിമേറ്റ് ഒരാഴ്ച്ചകകം ദേശീയപാത എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ക്ക് കൈമാറുമെന്ന് ബന്ധപ്പെട്ടവര്‍ യോഗത്തെ അറിയിച്ചു.നല്ലൂര്‍നാട് എം.ആര്‍.എസിന്റെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ച് വരുന്നതായി പൊതുമരാമത്ത് കെട്ടിട വിഭാഗവും അറിയിച്ചു.  

 

     കാലവര്‍ഷക്കെടുതിക്ക് ശേഷം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍  കാന്തന്‍പാറ വെളളച്ചാട്ടം ഒഴികെയുളളവ പൂര്‍ണ്ണ സുരക്ഷാ സംവിധാനങ്ങളോടെ പ്രവര്‍ത്തന സജ്ജമാണെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കാന്തന്‍പാറ വെളളച്ചാട്ടം ഒക്‌ടോബര്‍ ആദ്യവാരത്തില്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എം സുരേഷ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date