Skip to main content

ലോക കേരള സഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ശുപാര്‍ശകള്‍  മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

 

ലോക കേരള സഭയുടെ ഏഴു വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ വിവിധ വിഷയങ്ങളില്‍ നടത്തിയ പഠനവുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ ബന്ധപ്പെട്ട സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ മുഖ്യമന്ത്രി പിണറായി വിജയനു സമര്‍പ്പിച്ചു.

കേരള വികസനനിധി രൂപീകരണവും നടത്തിപ്പും, ലോക കേരള സഭ തുടര്‍സമ്മേളനങ്ങളുടെ  നടപടിക്രമങ്ങളും ചിട്ടകളും എന്നിവയ്ക്കുള്ള നയസമീപന നിര്‍ദേശങ്ങളുടെ രൂപീകരണം  സംബന്ധിച്ച ശുപാര്‍ശ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രവിപിള്ള മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. 

പ്രവാസി നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അതിനു സുരക്ഷയൊരുക്കുന്നതിനുമുള്ള നിര്‍ദേശങ്ങളുടെ രൂപീകരണം സംബന്ധിച്ച ശുപാര്‍ശ എം.എ. യൂസഫലിയും പ്രവാസി പുനപരധിവാസ പദ്ധതികള്‍ ചിട്ടപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളുടെയും നടപടിക്രമങ്ങളുടെയും രൂപീകരണം സംബന്ധിച്ച ശുപാര്‍ശ ആസാദ് മൂപ്പനും മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. 

മറ്റു രാജ്യങ്ങളിലെ തൊഴില്‍സാധ്യതയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെയും മികച്ച തൊഴിലുകള്‍ക്കായുള്ള വര്‍ധിച്ച മത്സരത്തിന്റെയും സാഹചര്യത്തില്‍ പ്രവാസത്തിന് തയ്യാറെടുക്കുന്നവര്‍ക്കും പ്രവാസികള്‍ക്കും സംരക്ഷണം ഉറപ്പു വരുത്തുന്നതിനുള്ള നയരൂപീകരണം സംബന്ധിച്ച ശുപാര്‍ശ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.വി. റപ്പായി സമര്‍പ്പിച്ചു.  പ്രവാസ സമൂഹത്തിന്റെ സുരക്ഷയും അവകാശ സംരക്ഷണവും ഉറപ്പാക്കാനും വനിതാ പ്രവാസികളുടെ സുരക്ഷിത കുടിയേറ്റം ഉറപ്പാക്കുന്നതിനുമായി കുടിയേറ്റ നിയമരൂപീകരണം സംബന്ധിച്ച ശുപാര്‍ശകള്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുനിതാ കൃഷ്ണന്‍ തയ്യാറാക്കിയ ശുപാര്‍ശകളും സമര്‍പ്പിച്ചു. 

കേരളത്തിന്റെ കലാ, സാംസ്‌കാരിക സമ്പന്നത ലോകം മുഴുവന്‍ വിളംബരം ചെയ്ത് വിവിധ കലകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളുടെയും നടപടിക്രമങ്ങളുടെയും രൂപീകരണം സംബന്ധിച്ച ശുപാര്‍ശകള്‍ കെ. സച്ചിദാനന്ദനും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്ക് കുടിയേറിയ കേരളീയരായ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെയും അതത് സംസ്ഥാന സര്‍ക്കാരുകളുടെയും ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ രൂപീകരിക്കുന്നതു സംബന്ധിച്ച ശുപാര്‍ശ ബെന്യാമിനും മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചു. 

ശുപാര്‍ശകളിന്‍മേല്‍ കൂടുതല്‍ പഠനം നടത്തിയ ശേഷം അനന്തര നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ചീഫ്  സെക്രട്ടറി ടോം ജോസ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

    പി.എന്‍.എക്‌സ്.4314/18

date