Skip to main content

പി.എം.ജി.എസ്.വൈ: ആദ്യപാലം ഉദ്ഘാടനം  3-ന്

 

കൊച്ചി: പി.എം.ജി.എസ്.വൈ (പ്രധാന്‍മന്ത്രി ഗ്രാം സഡക് യോജ്‌ന)  പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കേരളത്തിലെ ആദ്യപാലം എന്ന പ്രത്യേകതയുളള അടിയാക്കല്‍ താഴം പാലം ഒക്‌ടോബര്‍ മൂന്നിന് ജനങ്ങള്‍ക്കായി തുറന്നു നല്‍കും. ഒട്ടേറെ സാങ്കേതിക തടസങ്ങള്‍ പരിഹരിച്ചാണ് പാലം യാഥാര്‍ഥ്യമാകുന്നത്. പാലം ഉദ്ഘാടനം ഒക്‌ടോബര്‍ മൂന്നിന് വൈകിട്ട് അഞ്ചിന് ഇന്നസെന്റ് എം.പി നിര്‍വഹിക്കും.

പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2015-16 ലാണ്  പാലത്തിന് നിര്‍മ്മാണാനുമതി ലഭിച്ചത്. 20 മീറ്റര്‍ സ്പാനും 8.5 മീറ്റര്‍ വീതിയുമുളള പാലം ഇന്നസെന്റ് എം.പി യുടെ ഇടപെടലിന്റെ ഫലമായാണ് യാഥാര്‍ഥ്യമാകുന്നത്. ഇരു വശങ്ങളിലുമായി 79 മീറ്റര്‍ അപ്രോച്ച് റോഡും നിര്‍മ്മിച്ചിട്ടുണ്ട്. മൂന്നര കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മ്മിച്ചത്. 2005 മുതല്‍ പാലം നിര്‍മ്മാണത്തിനായുളള നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും സാങ്കേതിക കുരുക്കുകളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. കഴിഞ്ഞ  ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രഗ്രാമ വികസന മന്ത്രാലയത്തിന് എം.പി നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് സാങ്കേതിക തടസങ്ങള്‍ പരിഹരിക്കുകയും ഭരണാനുമതി ലഭിക്കുകയും ചെയ്തത്. തിരുവാണിയൂരിനെ ചോറ്റാനിക്കരയുമായി ബന്ധിപ്പിക്കുന്ന പാലം ഈ പ്രദേശത്തെ ഗതാഗത സൗകര്യങ്ങള്‍ വലിയമാറ്റം സൃഷ്ടിക്കും.

അടിയാക്കല്‍ താഴത്ത് പാലത്തിനു സമീപം നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ വി.പി.സജീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനാകും. അനൂപ് ജേക്കബ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍, തിരുവാണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധന്‍, ജില്ലാ പഞ്ചായത്തംഗം സി.കെ.അയ്യപ്പന്‍ കുട്ടി മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

date