Skip to main content

മുതിര്‍ന്ന പൗരന്മാരുടെ അന്താരാഷ്ട്ര ദിനം: ജില്ലാതല ഉദ്ഘാടനം 

 

 

കൊച്ചി: മുതിര്‍ന്ന പൗരന്‍മാരുടെ  അന്താരാഷ്ട്ര ദിനാചരണത്തിന്റെ  ജില്ലാതല  ഉദ്ഘാടനം ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍  പി. ടി. തോമസ് എം. എല്‍. എ നിര്‍വഹിച്ചു. 'മുതിര്‍ന്ന പൗരന്മര്‍ക്ക് യുവതലമുറയുടെ  ആദരം'  എന്ന  പേരിലാണ് ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചത്.  പ്രായമായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന പ്രവണത  കൂടി വരികയാണെന്നും ഇതിനെതിരെ സമൂഹത്തിന്റെ പൊതുബോധം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ 'ആദരിക്കാം  മുതിര്‍ന്ന മനുഷ്യാവകാശ ജേതാക്കളോടൊപ്പം'   (Celebrating older human rights  champions)  എന്ന  സന്ദേശവുമായാണ്  ഇത്തവണത്തെ മുതിര്‍ന്ന പൗരന്‍മാരുടെ  അന്താരാഷ്ട്ര ദിനം ആചരിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ പ്രയോജനം പൂര്‍ണമായി ലഭ്യമാക്കുന്നതിനും, സമത്വം ഉറപ്പാക്കുന്നതിനും, നിര്‍ഭയമായും സ്വാതന്ത്ര്യത്തോടെയും ജീവിക്കുവാനുള്ള അവകാശം സംരക്ഷിക്കുന്നതിനും ഈ വര്‍ഷത്തെ ദിനാചരണം ലക്ഷ്യമിടുന്നു.  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. കെ. കുട്ടപ്പന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ദിനാചരണത്തോടനുബന്ധിച്ച് കലാപരിപാടികളുടെ  ഉദ്ഘാടനം കൊച്ചി നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍ അഡ്വ. മിനിമോള്‍ നിര്‍വഹിച്ചു. അയ്യപ്പന്‍കാവ് എസ്.എന്‍. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തൃക്കാക്കര  കാര്‍ഡിനല്‍ സ്‌കൂള്‍   എന്‍.എസ്. എസ് വോളണ്ടിയര്‍മാരും,  ഇടപ്പള്ളി എം.എ.ജെ നഴ്‌സിങ് സ്‌കൂളിലെ വിദ്യാര്‍ഥികളും  അവതരിപ്പിച്ച കലാപരിപാടികള്‍ ശ്രദ്ധേയമായി.    വിദ്യാര്‍ത്ഥികള്‍ മുതിര്‍ന്ന പൗരന്‍മാരെ പൊന്നാട അണിയിച്ച് ചടങ്ങില്‍ ആദരിച്ചു. ജെറിയാട്രിക് സ്‌പെഷ്യലിസ്‌ററ് ഡോ. പ്രവീണ്‍ പൈ ചടങ്ങില്‍ വിഷയാവതരണം നടത്തി. അഡീഷണല്‍ ഡി. എം. ഒ. ഡോ. ശ്രീദേവി, കൊച്ചി നഗരസഭ കൗണ്‍സിലര്‍ വിജയകുമാര്‍ . കെ. എ,  എന്‍. എസ്. എസ്. റീജിയണല്‍ കോഓര്‍ഡിനേറ്റര്‍ വിനോദ്, ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് ഡോ. സി. വി. മോഹന്‍ബോസ്, സെക്രട്ടറി. വേണുഗോപാല്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍  സഗീര്‍ സുധീന്ദ്രന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ രജനി , ഭവില  എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു   ജില്ലാ മെഡിക്കല്‍  ഓഫീസ് ( ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം, നാഷണല്‍ സര്‍വ്വീസ് സ്‌കീം എസ് എന്‍ എച്ച് എസ് അയ്യപ്പന്‍കാവ്  എന്നിവയുടെ സംയുക്ത അഭിമുഖ്യത്തിലാണ് ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചത്.

date