Skip to main content
ജില്ലാ പഞ്ചായത്തില്‍ 2019-2020 വര്‍ഷത്തെ പദ്ധതി രൂപീകരണയോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ സംസാരിക്കുന്നു. 

പദ്ധതി രൂപീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്  ജില്ലാ പഞ്ചായത്ത് തുടക്കംകുറിച്ചു

നവകേരളത്തിന് ജനകീയാസൂത്രണമെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ച പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2019-2020 വര്‍ഷത്തെ പദ്ധതി രൂപീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് തുടക്കം കുറിച്ചു. 2019-2020 വര്‍ഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങളുടെ ഏകോപനം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷനായി ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം നടന്നു. പദ്ധതി പ്രവര്‍ത്തനങ്ങളില്‍ എന്നും മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചിട്ടുളള ജില്ലാ പഞ്ചായത്ത് ഈ വരുന്ന പദ്ധതി കാലയളവില്‍ കൂടുതല്‍ ഉള്‍ക്കാഴ്ചയോടെയുള്ള പദ്ധതി ആസൂത്രണത്തിന് പ്രാധാന്യം നല്‍കുമെന്ന് എ.ജി.സി ബഷീര്‍ പറഞ്ഞു. 
    കേരളം നേരിട്ട മഹാപ്രളയത്തിന്റെ അലയൊലികള്‍ ഉള്‍ക്കൊണ്ട് ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പദ്ധതി രൂപീകരണത്തില്‍ ശ്രദ്ധ പുലര്‍ത്താനും, ഇതിന്റെ ഭാഗമായി പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യവും, ജൈവവൈവിദ്ധ്യ മാനേജ്‌മെന്റ്, കാലാവസ്ഥവ്യതിയാനം, ദുരന്ത നിവാരണം തുടങ്ങിയ വിഷയങ്ങളില്‍ ഗഹനമായ പഠനങ്ങള്‍ ഉള്‍പ്പെടുത്തി പുതിയൊരു വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കാനും ഈ പദ്ധതി നടത്തി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് ഈ രംഗത്തെ വിദഗ്ധരെ കാലയളവില്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ശാന്തമ്മ ഫിലിപ്പ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഫരീദ സക്കീര്‍ അഹമ്മദ്,  ഹര്‍ഷദ് വോര്‍ക്കാടി, ഷാനവാസ് പാദൂര്‍, അഡ്വ. എ.പി.ഉഷ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജാനകി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി, കാറഡുക്ക ബ്ലോക്ക്  പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. കുമാരന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ കേളു പണിക്കര്‍, ജോസ് പതാലില്‍, ഇ. പത്മാവതി, പുഷ്പ അമേക്കള, മുംതാസ് സമീറ തുടങ്ങിയവരും വിവിധ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്തു. ജില്ലയിലെ വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് നിര്‍വ്വഹണ ഉദ്യോഗസ്ഥരും പങ്കെടുത്തു. 

date