Skip to main content

എറണാകുളം അറിയിപ്പുകള്‍ 1

പാലച്ചുവട്- നിലംപതിഞ്ഞി റോഡില്‍ ഗതാഗത നിയന്ത്രണം

 

കാക്കനാട്: പാലച്ചുവട്- നിലംപതിഞ്ഞി റോഡില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഫ്‌ളാറ്റിനു മുന്‍വശത്തെ സംരക്ഷണഭിത്തി പുനര്‍നിര്‍മ്മിക്കുന്ന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അസി.എഞ്ചിനീയര്‍ അറിയിച്ചു.  

 

 

പ്രളയാനന്തര കൃഷിപരിപാലനം: ജില്ലാതല സന്നദ്ധസേവനപരിപാടി 

മന്ത്രി വി.എസ്.സുനില്‍കുമാര്‍  ഇന്ന് ഉദ്ഘാടനം ചെയ്യും 

 

കാക്കനാട്: പ്രളയാനന്തരം കാര്‍ഷികമേഖലയ്ക്കുണ്ടായ തകര്‍ച്ച നേരിടുന്നതിന് കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സന്നദ്ധസേവന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്(ഒക്‌ടോബര്‍ 2) രാവിലെ ഒമ്പതു മണിയ്ക്ക്  പുത്തന്‍വേലിക്കര സ്റ്റേഷന്‍ കടവില്‍ കൃഷി വകുപ്പു മന്ത്രി വി.എസ്.സുനില്‍ കുമാര്‍ നിര്‍വ്വഹിക്കും.  പ്രളയത്തില്‍ പുത്തന്‍വേലിക്കര പഞ്ചായത്തില്‍ ഏറെ കൃഷിനാശം സംഭവിച്ചിരുന്നു.  കാര്‍ഷികവിളകള്‍ക്ക് പ്രളയാനന്തരം ആവശ്യമായ പരിചരണവും കൃഷി ആരംഭിക്കുന്നതിനുള്ള സഹായവും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും സന്നദ്ധസേവനമായി കര്‍ഷകര്‍ക്ക് നല്‍കുന്നതാണ് പരിപാടി.  സ്ഥലസന്ദര്‍ശനം നടത്തി മരുന്നുതളി, തൈ നടീല്‍, ജൈവവസ്തുക്കള്‍ ചേര്‍ത്ത് മണ്ണ് പാകപ്പെടുത്തല്‍, ഫലഭൂയിഷ്ഠത വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ സേവനങ്ങളാണ് ലഭ്യമാക്കുകയെന്ന് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ അറിയിച്ചു. 

 

 

പറവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ സമഗ്ര ശുചിത്വ പരിപാടിക്ക് 

ഗാന്ധിജയന്തി ദിനത്തില്‍ തുടക്കം കുറിക്കും

കൊച്ചി: തീവ്ര ശുചീകരണ പരിപാടിയുടെ ഭാഗമായി ഗാന്ധി  ജയന്തിദിനമായ ഒക്‌ടോബര്‍ രണ്ടിന് പറവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ സമഗ്ര ശുചിത്വ പരിപാടിക്ക് തുടക്കമാകും. ഇതിനോടനുബന്ധിച്ച് എറണാകുളം സെന്റ് തെരേസാസ് കോളേജിലെ വിദ്യാര്‍ഥിനികളും ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരും ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് ബ്ലോക്ക് പഞ്ചായത്തും പരിസരവും വ്യത്തിയാക്കും. സ്വച്ഛ് ഹി സേവ 2018 ക്യാമ്പയിന്റെയും തീവ്രശുചീകരണ പരിപാടിയുടെയും ഉദ്ഘാടനം രാവിലെ 9.30 ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:യേശുദാസ് പറപ്പിളളി നിര്‍വഹിക്കും.

 

പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍ നിര്‍മ്മാണവുമായി

പട്ടികജാതി വികസന വകുപ്പ്

ജില്ലയിലുണ്ടായ പ്രളയക്കെടുതിയില്‍പ്പെട്ട് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നവര്‍ക്ക് കൈത്താങ്ങുമായി പട്ടികജാതി വികസന വകുപ്പിന്റെ ഭവന പദ്ധതി ഒരുങ്ങുന്നു. ഒരു കുടുംബത്തിന് 4 ലക്ഷം രൂപയാണ് ധനസഹായമായി അനുവദിക്കുന്നത്. പ്രളയത്തില്‍ തകര്‍ന്ന് വാസയോഗ്യമല്ലാതായ പട്ടികജാതി കുടുംബങ്ങളുടെ വീടുകളാണ് പുനര്‍നിര്‍മ്മിക്കുന്നത്. തുക 4 ഗഡുക്കളായി അനുവദിക്കും. അപേക്ഷകര്‍ പ്രളയത്തില്‍ വീട് തകര്‍ന്ന് വാസയോഗ്യമല്ലാതായി എന്ന് തെളിയിക്കുന്ന തഹസില്‍ദാരുടെ സാക്ഷ്യപത്രം, ജാതി സര്‍ട്ടിഫിക്കറ്റ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവ ഒക്‌ടോബര്‍ 5-ാം തീയതി 5 മണിയ്ക്ക് മുന്‍പായി അതാത് ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസ്സില്‍ സമര്‍പ്പിക്കണം. 

 

 

വയോജനദിനം ആചരിച്ചു

 

കൊച്ചി: ഒക്‌ടോബര്‍ 1 ലോകവയോജന ദിനത്തോട് അനുബന്ധിച്ച് കൊച്ചി നഗരസഭയും സാമൂഹ്യക്ഷേമ വകുപ്പും ചേര്‍ന്ന് തേവര വൃദ്ധസദനത്തില്‍ വയോജനദിനം ആചരിച്ചു. മേയര്‍ സൗമിനി ജെയിന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ക്ഷേമകാര്യ കമ്മിറ്റി ചെയര്‍മാന്‍  എ.ബി.സാബു അദ്ധ്യക്ഷത വഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ എലിസബത്ത് ടീച്ചര്‍, മാര്‍ട്ടിന്‍.കെ.മാത്യു, ബാബു ജോസഫ്, എന്‍.വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് വിദ്യാര്‍ത്ഥികളുടെ ഗാനമേളയും അന്തേവാസികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

പ്രളയാനന്തരകേരളം എങ്ങനെ ചിന്തിക്കുന്നു?  

സാക്ഷരതാ മിഷന്‍ സര്‍വ്വേ ഇന്ന്

 

കാക്കനാട്: പ്രളയാനന്തരകേരളം എങ്ങനെ  ചിന്തിക്കുന്നു, എന്തു ചിന്തിക്കുന്നു എന്നതു സംബന്ധിച്ച് സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ഇന്ന് (ഒക്‌ടോബര്‍ രണ്ട്) ജില്ലയില്‍ അഭിപ്രായ സര്‍വ്വേ നടത്തുമെന്ന് ജില്ലാ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ദീപ ജെയിംസ് അറിയിച്ചു. മരട് നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ സുനില സിബി ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കും.   സംസ്ഥാനവ്യാപകമായി സാക്ഷരതാ മിഷന്‍ നടത്തുന്ന സര്‍വ്വേയുടെ ഭാഗമായാണിത്. സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ പ്രളയക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ തുടക്കം കുറിച്ച പുനര്‍നിര്‍മാണ പ്രക്രിയ, കാലാവസ്ഥാ വ്യതിയാനം, പ്രകൃതിക്ഷോഭം, മാലിന്യസംസ്‌കരണം, ദുരന്തപ്രതിരോധം, പരിസ്ഥിതി സൗഹാര്‍ദ്ദ ജീവിതം തുടങ്ങിയ വിഷയങ്ങളില്‍ സാധാരണ ജനങ്ങള്‍ക്കുള്ള സാമാന്യധാരണ വിലയിരുത്തുകയാണ് ലക്ഷ്യം.

 

പത്താം തരം, ഹയര്‍ സെക്കണ്ടറി തലം തുല്യതാ പഠിതാക്കള്‍ വഴി അവരുടെ സമീപപ്രദേശങ്ങളില്‍നിന്നുമാണ് വിവരശേഖരണം.  ഒരാള്‍ക്ക്  അഞ്ച് സര്‍വ്വേ ഫോമുകളാണ് നല്‍കിയിട്ടുള്ളത്.  സംസ്ഥാനത്താകെ 50,000 പഠിതാക്കളാണുള്ളത്.  സ്ഥിതിവിവര പഠനത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ സാക്ഷരത മുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെയുള്ള പഠനപ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും.  ദുരന്തപ്രതിരോധത്തെക്കുറിച്ചുള്ള പ്രാഥമികപാഠങ്ങള്‍ തുല്യതാ പഠനത്തിന്റെ ഭാഗമാക്കും.   അതുവഴി പഠിതാക്കളെ നവകേരള നിര്‍മ്മാണത്തില്‍ പങ്കാളികളാക്കുകയാണ് മുഖ്യലക്ഷ്യമെന്നും ജില്ലാ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു. 

പഠനകേന്ദ്രം തലത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഒക്‌ടോബര്‍ ഏഴിന് ക്രോഡീകരിച്ച് എട്ടാം തീയതി സംസ്ഥാന മിഷന് കൈമാറും.  ഒക്‌ടോബര്‍ 13ന് സംസ്ഥാന റിപ്പോര്‍ട്ട് പ്രകാശനം ചെയ്യും.   

 

 

date