Skip to main content

 സീതാലയം സേവനകേന്ദ്രത്തിന് പുതിയ കെട്ടിടം

 

സ്ത്രീകളുടെ മാനസിക- ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കുറിച്ചി ഗവ. ഹോമിയോ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സീതാലയം സേവന കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നു. സ്ത്രീകളുടെ ശാരീരിക- മാനസികാരോഗ്യസംരക്ഷണം,കുടുംബപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് കൗണ്‍സിലിംഗ്, വന്ധ്യതാ നിവാരണം തുടങ്ങിയ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളാണ്  സീതാലയം നടത്തി വരുന്നത്. പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന  കുറിച്ചി ഗവ ഹോമിയോ ആശുപത്രി വളപ്പില്‍ തന്നെയാണ് സീതാലയം സേവന കേന്ദ്രത്തിന് പുതിയ കെട്ടിടമുയരുന്നത്. ഒരു കോടി രൂപയുടെ പ്രോജക്ട് ആണിത്.  ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതിയില്‍ വനിതകള്‍ക്കായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ളതില്‍ പ്രഥമസ്ഥാനം നല്‍കിയാണ്  സീതാലയത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.  ആദ്യ ഘട്ടമായി 10 ലക്ഷം രൂപയുടെ വന്ധ്യതാ നിവാരണ ക്ലിനിക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ്  തുടക്കം കുറിച്ചിരിക്കുന്നത്. ഹോമിയോപ്പതി രംഗത്ത് നവീനമായ ആശയമാണ് വന്ധ്യതാ നിവാരണം.പാര്‍ശ്വഫലങ്ങള്‍ തീരെയില്ലാത്ത  വന്ധ്യതാ നിവാരണ ചികിത്സയില്‍ ഹോമിയോപ്പതിക്ക് ഏറെ സാധ്യതകളുണ്ടെന്ന് വന്ധ്യതാ നിവാരണ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്ന ഡോ.ജോബി ജെ പറഞ്ഞു. സ്ത്രീകളെ സംബന്ധിച്ചുള്ള എല്ലാവിധ ചികിത്സ സൗകര്യവും സീതാലയം പദ്ധതിക്കു കീഴില്‍ ഒരുക്കിയിട്ടുണ്ട്. രോഗികളുടെ വര്‍ധനവിനെ തുടര്‍ന്നാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. പ്രളയബാധിത പ്രദേശങ്ങളിലെ സ്ത്രീകള്‍ക്കുളള മാനസിക  ആരോഗ്യ ചികിത്സ ലക്ഷ്യമിട്ടുളള വിവിധ പദ്ധതികളും നടപ്പിലാക്കി വരികയാണെന്ന്  പ്രോജക്ട് ഓഫീസര്‍ ഡോ.മായ എസ്.രാജപ്പന്‍ പറഞ്ഞു.

                                                    (കെ.ഐ.ഒ.പി.ആര്‍-1995/18)

 

date