Skip to main content

ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്രവാഹനവിതരണവും സ്ഥിരനിക്ഷേപ  സര്‍ട്ടിഫിക്കറ്റ് കൈമാറലും നാളെ (ഒക്‌ടോബര്‍ 17)

 

ചലനപരിമിതി നേരിടുന്നവര്‍ക്കുള്ള മുച്ചക്ര വാഹനവിതരണവും വാഹനവിതരണവും തീവ്രഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റ് കൈമാറലും നാളെ (ഒക്‌ടോബര്‍ 17) രാവിലെ 10.30ന്  തിരുവനന്തപുരം സയന്‍സ് ആന്റ് ടെക്‌നോളജി മ്യൂസിയത്തിലെ പ്രിയദര്‍ശിനി ഹാളില്‍ നടക്കും. തൊഴിലും നൈപുണ്യവും, എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ആരോഗ്യ, സാമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജടീച്ചര്‍ ഉദ്ഘാടനം ചെയ്യും. 

ചലനപരിമിതി നേരിടുന്നവര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കാന്‍ ആരംഭിച്ച 'ശുഭയാത്ര' പദ്ധതിയില്‍ ബിവറേജസ് കോര്‍പറേഷന്റെ സി.എസ്.ആര്‍ ഫണ്ട്, പട്ടികജാതിക്കാരായ ഭിന്നശേഷിക്കാര്‍ക്കുള്ള പട്ടികജാതി വികസന വകുപ്പിന്റെ ഫണ്ട്, സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ പദ്ധതി വിഹിതം എന്നിവ ഉപയോഗിച്ച് 63 പേര്‍ക്കാണ് മുച്ചക്ര വാഹനം നല്‍കുന്നത്.

തീവ്രഭിന്നശേഷിക്കാരായ കുട്ടികളുടെ പേരില്‍ 20,000 രൂപ സ്ഥിരനിക്ഷേപം നടത്തുന്ന 'ഹസ്തദാനം' പദ്ധതിയില്‍ 29 പേര്‍ക്കാണ് സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. വികലാംഗക്ഷേമ കോര്‍പറേഷന്റെ മറ്റു ക്ഷേമപദ്ധതികളിലെ ഗുണഭോക്താക്കള്‍ക്കുള്ള ആനുകൂല്യങ്ങളും വിതരണം ചെയ്യും.

കെ.മുരളീധരന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു എന്നിവര്‍ മുഖ്യാതിഥികളാകും. ബിവറേജസ് കോര്‍പറേഷന്‍ എം.ഡി. സ്പര്‍ജന്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. വികലാംഗക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ പരശുവയ്ക്കല്‍ മോഹനന്‍, എം.ഡി കെ. മൊയ്തീന്‍കുട്ടി, സാമൂഹികനീതി വകുപ്പ് അസി. ഡയറക്ടര്‍ എസ്. ജലജ, നിഷ് ഡയറക്ടര്‍ ഡോ. കെ.ജി സതീഷ്‌കുമാര്‍, കൗണ്‍സിലര്‍ ഐ.പി. ബിനു, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എം. അബ്ദുള്ളക്കുഞ്ഞ്, വികലാംഗക്ഷേമകോര്‍പറേഷന്‍ ഡയറക്ടര്‍ കെ.ജി. സജന്‍ എന്നിവര്‍ സംബന്ധിക്കും. 

   പി.എന്‍.എക്‌സ്.4599/18

 

 

date