Skip to main content

ഭക്ഷ്യ സുരക്ഷയ്ക്കൊപ്പം ആരോഗ്യം: തിരുവനന്തപുരം  മുതല്‍ ഡല്‍ഹി വരെ അഖിലേന്ത്യ സൈക്ലത്തോണ്‍

 

ദേശീയ ഭക്ഷ്യസുരക്ഷാ സ്റ്റാന്റേര്‍ഡ് അതോറിറ്റിയുടെ നേതൃത്വത്തിലും സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഏകോപനത്തിലും 'ഭക്ഷ്യ സുരക്ഷയ്ക്കൊപ്പം ആരോഗ്യം' എന്ന ആശയം മുന്‍നിര്‍ത്തിയും ഗാന്ധിയന്‍ മൂല്യങ്ങള്‍ പുതുതലമുറയെ ഓര്‍മ്മപ്പെടുത്താനുമായി ഒക്ടോബര്‍ 16, 17 തീയതികളില്‍ തിരുവനന്തപുരത്ത് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.

ഇന്ന് (ഒക്ടോബര്‍ 16) ചൊവ്വാഴ്ച വൈകുന്നേരം നാലിന് കനകക്കുന്ന്, തമ്പാനൂര്‍ ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ്, ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളേജ്, മാര്‍ ബസേലിയസ് കോളേജ്, ഗവ. ആര്‍ട്സ് കോളേജ് എന്നിവയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ ഫ്ളാഷ് മോബ്, തെരുവുനാടകം എന്നിവ അവതരിപ്പിക്കുന്നു.

ഇന്ന് (ഒക്ടോബര്‍ 16) വൈകുന്നേരം അഞ്ചിന് കനകക്കുന്ന് കൊട്ടാരത്തില്‍ ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്യും. സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും.

വൈകുന്നേരം 6 മണി മുതല്‍ ബോധവത്ക്കരണത്തിനായി മായം കലര്‍ന്ന ഭക്ഷ്യ വസ്തുക്കള്‍ പരിശോധിക്കാനുള്ള മൊബൈല്‍ ടെസ്റ്റിംഗ് ലാബിന്റെ സേവനം, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശനം, ഭക്ഷ്യ വസ്തുക്കളിലെ മായം കലര്‍ത്തലുമായി ബന്ധപ്പെട്ട സംശയ ദൂരീകരണം എന്നിവ സംഘടിപ്പിക്കുന്നു.

നാളെ (ഒക്ടോബര്‍ 17) വ്യാഴാഴ്ച രാവിലെ 6.30ന് കിഴക്കേക്കോട്ട ഗാന്ധി പാര്‍ക്കില്‍ സ്വസ്ത് ഭാരത് അഖിലേന്ത്യ സൈക്ലത്തോണ്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഫ്ളാഗോഫ് ചെയ്യുന്നു. തിരുവനന്തപുരത്ത് നിന്നും ന്യൂഡല്‍ഹിയിലേക്കാണ് സൈക്കിള്‍ യാത്ര. 7500 സൈക്കിള്‍ യാത്രക്കാര്‍, 150 ദിവസത്തെ സാഹസിക സൈക്കിള്‍ യാത്രയാണ് നടത്തുന്നത്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍  ബാറ്റണ്‍ ഏറ്റുവാങ്ങുന്നതോടെ സൈക്കിള്‍ റാലിക്ക് തുടക്കമാകും. പാപ്പനംകോട്, നേമം, ബാലരാമപുരം, നെയ്യാറ്റിന്‍കര, ചെങ്കല്‍, പാറശ്ശാല എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് കളിയിക്കാവിള ഗ്രേയ്സ് ടി.ടി.സിയിലെത്തി തമിഴ്നാട് ഭക്ഷ്യസുരക്ഷാ വകുപ്പിന് സൈക്ലത്തോണ്‍ ബാറ്റണ്‍ കൈമാറും.

          പി.എന്‍.എക്‌സ്.4600/18

 

date