Skip to main content

ആറന്മുളയില്‍ നവംബര്‍ 15നകം കൃഷിയിറക്കാന്‍ തീരുമാനം

 

ആറന്മുളയെ തരിശുരഹിത ഗ്രാമമാക്കുന്നതിന്റെ ഭാഗമായി നവംബര്‍ 15നകം കൃഷിയിറക്കുമെന്ന് ആറന്മുള എംഎല്‍എ വീണാജോര്‍ജ്. ഹ്രസ്വകാലം, ദീര്‍ഘകാലം എന്നിങ്ങനെ രണ്ടായി തിരിച്ചായിരിക്കും കൃഷി. എംഎല്‍എയുടെ അധ്യക്ഷതയില്‍ ആറന്മുളയില്‍ നടന്ന പാടശേഖരസമിതികളുടെ ആലോചനയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. പ്രദേശത്ത് കൃഷിയിറക്കുന്നതിനും തരിശുരഹിതമാക്കുന്നതിനും ജലലഭ്യത ഉറപ്പാക്കുന്നതിനുമായി കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മൈനര്‍ ഇറിഗേഷന്‍ പ്രതിനിധികള്‍, കെഎസ്ഇബി അധികൃതര്‍, വിവിധ പാടശേഖര സമിതിയിലെ അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയും രൂപീകരിച്ചു. ജില്ലയെ ബാധിച്ച പ്രളയത്തില്‍ വിളകള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും അവ പുനരുല്‍പ്പാദിപ്പിക്കുന്നതിനുമുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കാനും തീരുമാനമായി. കൂടാതെ കൃഷിയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും വിളവെടുപ്പിനുമായി ആറന്മുളയില്‍ ലേബര്‍ സ്‌കൂള്‍ ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു. ട്രാക്ടര്‍ പോലെയുള്ള വാഹനങ്ങള്‍ ഉപയോഗിക്കുന്നവരെയും കുടുംബശ്രീ പ്രവര്‍ത്തകരെയും ലേബര്‍ സ്‌കൂളിന്റെ ഭാഗമാക്കും. പ്രളയത്തില്‍ കൃഷി നശിച്ച വിവിധ കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. ആറന്മുളയില്‍ മാത്രം 810 പേര്‍ക്കാണ് കൃഷിയില്‍ നാശനഷ്ടമുണ്ടായത്. ഇതില്‍ 210 പേര്‍ക്ക് പരിരക്ഷ ലഭ്യമായി ബാക്കിയുള്ളവര്‍ക്ക് ഇവ ലഭ്യമാകുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കാന്‍ കൃഷി ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ അറിയിച്ചു. ആറന്മുള കൃഷിഭവന്റെ പരിധിയില്‍പ്പെടുന്ന ആറന്മുള പുഞ്ച, ആറാട്ടുപുഴ-മാലങ്കര, മുണ്ടകന്‍ പാടശേഖരം, അടിച്ചില്‍, നീര്‍വിളാകം, കുറിച്ചിമുട്ടം, കിടങ്ങന്നൂര്‍, ഏഴിക്കാട് - വല്ലന തുടങ്ങി 11 പാടങ്ങളിലാണ് ഈ വര്‍ഷം കൃഷിയിറക്കുകയെന്ന്് കൃഷിഓഫീസര്‍ മാത്യൂസ് കോശി പറഞ്ഞു.  കിടങ്ങന്നൂര്‍, ഏഴിക്കാട് - വല്ലന എന്നിവിടങ്ങളില്‍ ആദ്യമായാണ് കൃഷിയിറക്കുന്നത്. കൃഷി ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ഹൈക്ടറിന് 30000 രൂപയാണ് കൃഷിവകുപ്പ് അനുവദിച്ചിട്ടുള്ളത്. 2016-2017 സാമ്പത്തികവര്‍ഷം ആറന്മുളയില്‍ 101.02 ഹെക്ടര്‍ നിലത്തില്‍ കൃഷിയിറക്കുകയും ഉല്‍പ്പാദിപ്പിച്ച നെല്ല് ആറന്മുള ബ്രാന്‍ഡ് അരിയാക്കി വിതരണം ചെയ്യുകയും ചെയ്തിരുന്നു.                           (പിഎന്‍പി 3371/18)

date