Skip to main content

കോടതികൾ ഭരണഘടനയെ ജനങ്ങൾക്ക് വേണ്ടി ശരിയായി  നിരീക്ഷിക്കുന്നു-മന്ത്രി ഇ.പി. ജയരാജൻ

ഭരണഘടനയെ ജനങ്ങൾക്ക് വേണ്ടി ശരിയായി നിരീക്ഷിക്കുകയാണ് കോടതികൾ ചെയ്യുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. കേരള സ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് കണ്ണൂർ, കാസർകോട് ജില്ലകളിലെ സഹകരണ സംഘം ജീവനക്കാരുടെ മക്കൾക്ക് നൽകുന്ന 2017-'18 അധ്യയനവർഷത്ത വിദ്യാഭ്യാസ, കലാ കായിക മികവിനുള്ള ക്യാഷ് അവാർഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

എല്ലാ ജാതി മതസ്ഥരും ഏകോദര സഹോദരങ്ങളോടെ ചിന്തിക്കാൻ പ്രേരണ നൽകുന്ന നമ്മുടെ ഭരണഘടന കാത്തുസൂക്ഷിക്കണം. ഇന്ത്യൻ ഭരണഘടനയെ തകർക്കാൻ ആരും പുറപ്പെടരുത്. ഈ ഭരണഘടനയും കോടതിയും ഇല്ലെങ്കിൽ രാജ്യത്ത് എന്തായിരിക്കും സ്ഥിതി. അതുകൊണ്ട് ഇത്തരത്തിലുള്ള സാഹചര്യം സൃഷ്ടിക്കാൻ ആരും ശ്രമിക്കാതിരിക്കണമെങ്കിൽ ബുദ്ധിശക്തി ഉയർന്നുവരണം. മനുഷ്യന്റെ ബുദ്ധിയാണ്, എല്ലാത്തിനെയും തിരിച്ചറിയാനുള്ള കഴിവാണ് വേണ്ടത്-മന്ത്രി പറഞ്ഞു.  കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തുറമുഖ വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. 

ബോർഡ് വൈസ് ചെയർമാൻ കെ. രാജഗോപാൽ, കേരളാ കോ-ഓപ്പറേറ്റീവ് ഡിപ്പോസിറ്റ് ഗ്യാരൻറി ഫണ്ട് ബോർഡ് വൈസ് ചെയർമാൻ പി. ഹരീന്ദ്രൻ, സഹകരണ സംഘം ജോയിൻറ് രജിസ്ട്രാർ (ജനറൽ) ജെ. വിജയകുമാർ, കെ. നാരായണൻ, എം. രാജു, എൻ.സി സുമോദ്, അഡീഷനൽ രജിസ്ട്രാർ പി. സുഭാഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. 

എസ്.എസ്.എൽ.സി, പ്ലസ്ടു, ബി.ടെക്, ബി.എ.എം.എസ്, എം.ബി.ബി.എസ്, എം.ടെക് പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കും സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയവർക്കും കായിക മത്സരത്തിൽ സംസ്ഥാന, ദേശീയതലങ്ങളിൽ മികച്ച വിജയം നേടിയവർക്കും ക്യാഷ് അവാർഡ് നൽകി. ആകെ 331 കുട്ടികൾക്കായി 32 ലക്ഷം രൂപ വിതരണം ചെയ്തു. 

         

date