Skip to main content

സഹകരണമേഖല വികസനകാര്യങ്ങള്‍ക്കു  മുന്‍തൂക്കം നല്‍കുന്നു : മന്ത്രി എ സി മൊയ്‌തീന്‍

സഹകരണപ്രസ്ഥാനങ്ങളിലെ മോശം പ്രവണതകള്‍ക്ക്‌ അറുതി വരുത്തണമെന്ന്‌ തദ്ദേശസ്വയംഭരണ വകുപ്പ്‌ മന്ത്രി എ സി മൊയ്‌തീന്‍ സഹകരണ സംഘം അസിസ്റ്റന്റ്‌ രജിസ്‌ട്രാറുടെ കുന്നംകുളം ഓഫീസിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവല ദൈനദിന കാര്യങ്ങളുമായി മുന്നോട്ടു പോകുകയെന്ന സ്ഥിതിയില്‍ നിന്നും നാടിന്റെ വികസനകാര്യങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കുന്ന അവസ്ഥയിലേക്ക്‌ സംഘങ്ങള്‍ മാറിയെന്നും പ്രളയബാധിത പ്രദേശങ്ങളിലെ പങ്ക്‌ വലിയതാണെന്നും ഭാവനപൂര്‍ണ്ണമായ പദ്ധതികളുമായി സംഘങ്ങള്‍ മുന്നോട്ട്‌ പോകണമെന്നും അദ്ദേഹം പറഞ്ഞു. മോശപ്പെട്ട സ്ഥിതികള്‍ സംഘങ്ങളില്‍ ഉണ്ടായാല്‍ അത്‌ വെച്ചുപൊറുപ്പിക്കില്ല. സാധാരണക്കാരുടെ പണമെടുത്ത്‌ പന്താടുവാന്‍ ആരെയും അനുവദിക്കില്ല. രാഷ്‌ട്രീയം നോക്കാതെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ കര്‍ശന നിലപാട്‌ കൈകൊളളും. വായ്‌പ നല്‍കുക മാത്രമല്ല ജനങ്ങളുടെയും നാടിന്റെയും ഒപ്പമാണ്‌ സഹകരണ സംഘങ്ങള്‍ നില്‍ക്കുന്നത്‌. സഹകരണ വിഭാഗത്തിന്റെ ഓഡിറ്റിങ്‌ വിഭാഗം നവംബര്‍ ആദ്യവാരം പ്രവര്‍ത്തനം ആരംഭിക്കും. കൂടാതെ ലീഗല്‍ മെട്രോളജിയുടെയും മോട്ടോര്‍ വാഹന വിഭാഗത്തിന്‍രെയും ഓഫീസുകള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ലഭിച്ച തുകകളില്‍ നിന്നും ഒരു പൈസ പോലും അനാവശ്യമായി ചിലവഴിക്കാതെ പൂര്‍ണ്ണമായി നവകേരള പുനസൃഷ്‌ടിയ്‌ക്ക്‌ വേണ്ടി ചിലവഴിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ്‌ രജിസ്‌ട്രാര്‍ ടി കെ സതീഷ്‌കുമാര്‍, പി എ സുരേഷ്‌, അഡ്വ. യോഹന്നാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date