Skip to main content

ശിശുദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കും

 

ജില്ലയില്‍ ശിശുദിനാഘോഷം ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാശിശുക്ഷേമ സമിതിയുടെയും നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും പരിപാടികളുടെ ഏകോപനത്തിനായി സംഘാടകസമിതികള്‍ രൂപീകരിക്കാന്‍ എഡിഎം പി.ടി എബ്രഹാമിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചനായോഗം കണ്‍വീനര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. നവംബര്‍ 14ന് രാവിലെ എട്ടിന് കളക്ടറേറ്റ് അങ്കണത്തില്‍ ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ ശിശുദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് പതാക ഉയര്‍ത്തും. പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ.ഗീതസുരേഷ് കുട്ടികളുടെ റാലി ഫ്‌ളാഗ്ഓഫ് ചെയ്യും. 

ജില്ലാതല മത്സരത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ പ്രധാനമന്ത്രി റാലിക്ക് നേതൃത്വം നല്‍കും. രാവിലെ ഒമ്പതിന് പത്തനംതിട്ട തൈക്കാവ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശിശുദിനാഘോഷ സമ്മേളനം ആരംഭിക്കും. കുട്ടികളുടെ സ്പീക്കര്‍ അധ്യക്ഷത വഹിക്കുകയും കുട്ടികളുടെ പ്രധാനമന്ത്രി സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്യും. ജില്ലാ കളക്ടര്‍ പി.ബി നൂഹ് ശിശുദിന സന്ദേശം നല്‍കും. വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. 

ശിശുദിനാഘോഷത്തിന്റെ ഭാഗമായി രൂപീകരിക്കുന്ന സംഘാടകസമിതിയുടെ ചെയര്‍മാന്‍ മുനിസിപ്പാലിറ്റികളില്‍ മുനിസിപ്പല്‍ ചെയര്‍മാനും ബ്ലോക്കുകളില്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റും ആയിരിക്കും. സംഘാടക സമിതിയുടെ കണ്‍വീനര്‍മാര്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍ ആയിരിക്കും. ഈമാസം 20 ന് മുമ്പ് സംഘാടകസമിതികള്‍ ചേരണമെന്ന് എഡിഎം അറിയിച്ചു. 28 ന് മുമ്പായി ബ്ലോക്ക്/മുനിസിപ്പല്‍ തലത്തില്‍ ക്രെഷെ, അംഗന്‍വാടി, നഴ്‌സറി കുട്ടികളുടേയും സ്‌കൂള്‍ കുട്ടികളുടേയും കലാ സാഹിത്യ മത്സരങ്ങള്‍ നടത്തണം. ബ്ലോക്ക്/മുനിസിപ്പല്‍ തല മത്സര വിജയികളായ കുട്ടികളുടെ വിവരങ്ങള്‍ അടങ്ങിയ ലിസ്റ്റ് കണ്‍വീനര്‍മാര്‍ 31ന് വൈകിട്ട് മൂന്നിന് മുമ്പായി കളക്ടറേറ്റിലെ അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണറുടെ (ജനറല്‍) ഓഫീസില്‍ നല്‍കണം. ഈ മത്സരങ്ങളുടെ ഒന്നാം സമ്മാനാര്‍ഹരെ പങ്കെടുപ്പിച്ചുകൊണ്ട് നവംബര്‍ നാലിന് രാവിലെ 10 മുതല്‍ തൈക്കാവ് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ജില്ലാതല മത്സരങ്ങള്‍ നടത്തും. മലയാള പ്രസംഗ മത്സരത്തില്‍ എല്‍.പി. വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടുന്ന വിദ്യാര്‍ഥി/വിദ്യാര്‍ഥിനി ആയിരിക്കും കുട്ടികളുടെ പ്രധാനമന്ത്രി ആകുക. യു.പി. വിഭാഗത്തില്‍ നിന്നും മലയാള പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന വിദ്യാര്‍ഥി/വിദ്യാര്‍ഥിനി കുട്ടികളുടെ സ്പീക്കറും ആകും. അങ്കണവാടി/നഴ്‌സറി/ക്രെഷ് കുട്ടികള്‍ക്കായി പാട്ട്, ആക്ഷന്‍ സോംഗ്, നാടോടി നൃത്തം (സിംഗിള്‍, ഗ്രൂപ്പ്), കഥപറയല്‍ എന്നീ ഇനങ്ങളും എല്‍പി,യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്ക് പ്രസംഗം (മലയാളം/ഇംഗ്ലീഷ്), ശാസ്ത്രീയസംഗീതം, ലളിതഗാനം, ദേശഭക്തിഗാനം, ഉപന്യാസം (മലയാളം) എന്നീ ഇനങ്ങളിലുമാണ് മത്സരങ്ങള്‍ നടത്തുക. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക മത്സരം നടത്തും. 

 ജില്ലാ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി. പൊന്നമ്മ, വൈസ് പ്രസിഡന്റ് പ്രൊഫ. കെ. മോഹന്‍കുമാര്‍, ജോയിന്റ് സെക്രട്ടറി എം.എസ്. ജോണ്‍, ട്രഷറര്‍ ആര്‍. ഭാസ്‌കരന്‍ നായര്‍, എക്‌സിക്യുട്ടീവ് അംഗങ്ങളായ പ്രൊഫ.ടി.കെ.ജി. നായര്‍, പ്രൊഫ.എ.കെ. ശ്രീകുമാര്‍, സരസമ്മ നടരാജന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.കെ.ഗോപി, എഡിസി ജനറല്‍ വിമല്‍ രാജ്, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ആലോചനായോഗത്തില്‍ പങ്കെടുത്തു.                  (പിഎന്‍പി 3377/18)

date