Skip to main content

കാവുകളെ സംരക്ഷിക്കാന്‍ കരകുളം പഞ്ചായത്തിന്റെ പദ്ധതി

 

ഹരിത ഭൂമി സുന്ദരഭൂമി എന്ന ആശയം മുന്‍നിര്‍ത്തി കാവ് സംരക്ഷണ പദ്ധതി നടപ്പിലാക്കി കരകുളം ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിന്റെ നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കാവ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ജൈവവൈവിധ്യങ്ങളുടെ വീണ്ടെടുപ്പിന് കാവുകളുടെ നില നില്‍പ്പും സംരക്ഷണവും അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവില്‍ നിന്നാണ് ഈ പദ്ധതി ഉടലെടുത്തത്.പദ്ധതിയുടെ ഭാഗമായി ഇതിനോടകം രണ്ടു ലക്ഷം രൂപ ചെലവഴിച്ച് കാച്ചാണി വാര്‍ഡിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കളത്തറ കാവിന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. ഏകദേശം 35 സെന്റില്‍ ഹരിത നിബിഢമാണ് ഈ കാവ്.

    കാവിന് ചുറ്റും ജൈവവേലി സൃഷ്ടിച്ച്,വൃക്ഷങ്ങളെ  സംരക്ഷിച്ച്, മണ്ണൊലിപ്പ് തടയുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തി.  വൃക്ഷങ്ങളുടെ പേര് സ്ഥാപിച്ചു. കൂടാതെ അഞ്ചു സെന്റില്‍ ഔഷധ സസ്യ തോട്ടവും നിര്‍മിച്ച് മാതൃകാപരമായാണ് ഈ പദ്ധതി നടപ്പാക്കിയത്.
    കാവുകളെ ഒരിക്കല്‍ നശിപ്പിച്ചാല്‍ അവ പുനര്‍ നിര്‍മിക്കാന്‍ നമുക്കാവില്ല. മാനവരാശിയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ ഘടകമാണ് പരിസ്ഥിതി സംരക്ഷണം.നമ്മുടെ പൂര്‍വികര്‍ പരിപാലിച്ച് നമുക്ക് നല്‍കിയ ജൈവസമ്പത്തിന്റെ നിറകുടമായ കാവുകളെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് അനില പറഞ്ഞു.  ഈ വര്‍ഷം ഒരു കാവിനെക്കൂടി പഞ്ചായത്ത് ഏറ്റെടുക്കുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
(പി.ആര്‍.പി. 2500/2018)

 

date