Skip to main content

വോട്ടര്‍പട്ടികയിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ തിരഞ്ഞെടുപ്പ്  സാക്ഷരതാ ക്ലബ്ബുകള്‍ക്ക് തുടക്കമായി

 

പുതുതലമുറയെ ജനാധിപത്യബോധത്തിലേക്ക് വഴികാട്ടാന്‍ തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബുകള്‍ക്ക് സംസ്ഥാനതലത്തില്‍ തുടക്കമായി. ഗവ. വിമന്‍സ് കോളേജിലാണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീക്കാറാം മീണ വോട്ടര്‍ ബോധവത്കരണപരിപാടികള്‍ക്കായി തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബ് ഉദ്ഘാടനം ചെയ്തത്. ഏറ്റവുമധികം ജനാധിപത്യ ബോധമുള്ള കേരളത്തില്‍ 100 ശതമാനം വോട്ടര്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ യുവാക്കളെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാനുള്ള കര്‍മപരിപാടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍ക്ക് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിലവില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ട്. കൂടാതെ 2019 ജനുവരി ഒന്നിന് 18 തികയുന്നവര്‍ക്കും മൂന്‍കൂട്ടി പേര് ചേര്‍ക്കാം. nvsp.com എന്ന പോര്‍ട്ടലിലൂടെ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കാം. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി നേരിട്ട് ഓണ്‍ലൈന്‍ ആയി തന്നെ ഇവിടെ നടപടികള്‍ പൂര്‍ത്തിയാക്കാം. 

യൂവാക്കള്‍ക്കുപുറമേ, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, ഭിന്നശേഷിക്കാര്‍, ആദിവാസികള്‍, പ്രവാസികള്‍ തുടങ്ങിയവരെയും വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാനുള്ള നടപടി പുരോഗമിക്കുന്നു.

കേരളത്തിലെ എല്ലാ കോളേജുകളിലും തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബുകള്‍ തുടങ്ങും. വിദ്യാര്‍ഥികളാണ് ഇതിന്റെ അംബാസഡര്‍മാര്‍. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുക മാത്രമല്ല, ധാര്‍മിക വോട്ടിംഗ് നിര്‍വഹിക്കാനുള്ള ഉത്തരവാദിത്തവും വിദ്യാര്‍ഥികള്‍ നിര്‍വഹിക്കണം. എന്നാല്‍ മാത്രമേ ആരോഗ്യകരവും ശക്തിയുള്ളതുമായ ജനാധിപത്യം രാജ്യത്തുണ്ടാവൂ. പുലരൂ. കേരളം ലിംഗപരമായി കൂടുതല്‍ സമത്വമുള്ള സംസ്ഥാനമാണ്. കൂടുതല്‍ വനിതകള്‍ ജനാധിപത്യപ്രക്രിയയുടെ ഭാഗമായി ഉയര്‍ന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വോട്ടിംഗ് മെഷീന്‍, മാതൃകാ പെരുമാറ്റച്ചട്ടം തുടങ്ങിയ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ആദ്യം തുടക്കമിട്ടത് കേരളത്തിലാണ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ വോട്ടിംഗ് മെഷീനിനൊപ്പവും വോട്ട് ചെയ്തത് ആര്‍ക്കെന്ന് വോട്ടര്‍ക്ക് മനസിലാവുന്ന വി.വി.പാറ്റ് സമ്പ്രദായം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അധ്യക്ഷത വഹിച്ചു. വോട്ടവകാശമെന്ന ഉത്തരവാദിത്തം നിര്‍വഹിച്ച് ജനാധിപത്യപ്രക്രിയയില്‍ പങ്കാളികളാകുന്നവര്‍ക്കാണ് അതിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ യഥാര്‍ഥ അവകാശമെന്ന് അവര്‍ പറഞ്ഞു.

ഗവ. വിമന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജി. വിജയലക്ഷ്മി, അഡീഷണല്‍ സി.ഇ.ഒമാരായ പി. ഷെര്‍ളി, ബി. സുരേന്ദ്രന്‍പിള്ള എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് വിമന്‍സ് കോളേജ് സംഗീത വിഭാഗം വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സംഗീതപരിപാടി അരങ്ങേറി.

 പി.എന്‍.എക്‌സ്.4621/18 

date