Skip to main content

സപ്‌ളൈകോ: പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കൂടുതല്‍ തുക  അനുവദിക്കാന്‍ ശുപാര്‍ശ ചെയ്യും : നിയമസഭാസമിതി 

 

 

 

കൊച്ചി: കേരള സ്റ്റേറ്റ് സിവില്‍ സപ്‌ളൈസ് കോര്‍പറേഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് കൂടുതല്‍ തുക അനുവദിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് കേരള നിയമസഭയുടെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സമിതി. പുതിയ പദ്ധതികള്‍ ഏറ്റെടുക്കുന്നതിനും ഔട്ട്‌ലെറ്റുകള്‍ ആധുനികവത്കരിക്കുന്നതിനും സബ്‌സിഡി നല്‍കുന്നതിനും ബജറ്റില്‍ കൂടുതല്‍ തുക അനുവദിക്കണമെന്ന ശുപാര്‍ശയടങ്ങിയ റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിക്കുമെന്നും സമിതി ചെയര്‍മാനായ സി ദിവാകരന്‍ എംഎല്‍എ പറഞ്ഞു. എറണാകുളം സപ്‌ളൈകോ ഹെഡ് ഓഫീസിലാണ് കേരള നിയമസഭയുടെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സമിതിയോഗം ചേര്‍ന്നത്. 

സപ്‌ളൈകോയിലെ അഴിമതികള്‍ പരിഹരിക്കാന്‍ കര്‍ശന നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും സമിതി പറഞ്ഞു.  ഒരു കോടിയിലധികം ജനങ്ങള്‍ ആശ്രയിക്കുന്ന കേരളത്തിന്റെ പൊതുവിതരണസംവിധാനത്തിന്റെ ഒരു മുഖ്യഭാഗമാണ് സപ്‌ളൈകോ. അവശ്യവസ്തുക്കളുടെ വിതരണത്തില്‍ പ്രധാനപങ്കു വഹിക്കുന്ന സ്ഥാപനമായ സപ്‌ളൈകൊ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ക്രമക്കേടുകള്‍ വച്ചു പൊറുപ്പിക്കില്ലെന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും സമിതി ചെയര്‍മാന്‍ സി ദിവാകരന്‍ പറഞ്ഞു.  സിവില്‍ സപ്‌ളൈസ് കോര്‍പറേഷന്റെ ഉദേ്യാഗസ്ഥ വിന്യാസം സംബന്ധിച്ചും യോഗം ഉദേ്യാഗസ്ഥരുമായി ചര്‍ച്ച ചെയ്തു. 2033 ഉദേ്യാഗസ്ഥര്‍ നേരിട്ടും 1175 പേര്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലും ജോലി ചെയ്യുന്നവരാണ്. ഇതിനു പുറമെ ദിവസവേതനക്കാരുമുള്‍പ്പെടെ 5000 അധികം പേര്‍ സപ്‌ളൈകോയിലുണ്ട്. ഡെപ്യൂട്ടേഷന്‍ സംവിധാനം കുറച്ച് കൊണ്ടുവരണം. ഉദേ്യാഗസ്ഥ വിന്യാസം സംബന്ധിച്ച് ഉത്തരവാദിത്തപൂര്‍ണവും സുസ്ഥിരവുമായ ഒരു സംവിധാനം സപ്‌ളൈകോയില്‍ ഉണ്ടാവണമെന്നും സമിതി വിലയിരുത്തി. സ്റ്റാഫ് പാറ്റേണ്‍ യുക്തിസഹമായി പുനര്‍ക്രമീകരിക്കാന്‍ എംഡിയോടാവശ്യപ്പെട്ടു.

മാവേലി സ്റ്റോറുകളില്‍ ലഭിക്കുന്ന പല  അവശ്യവസ്തുക്കളും നിതേ്യാപയോഗ സാധനങ്ങളും  റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന സംവിധാനം നടപ്പാക്കാനുമുള്ള പദ്ധതികളും സര്‍ക്കാരിനുെണ്ടന്ന്  സി ദിവാകരന്‍ എംഎല്‍എ പറഞ്ഞു.

സപ്‌ളൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ അളവ് കുറയ്ക്കരുതെന്നാണ് സമിതിയുടെ നിര്‍ദേശമെന്നും സി ദിവാകരന്‍ പറഞ്ഞു. നിയമസഭയില്‍ സമിതി ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് അവതരിപ്പിക്കുമെന്നും സി ദിവാകരന്‍ പറഞ്ഞു.

ഓഗസ്റ്റില്‍ സബ്‌സിഡി സാധനങ്ങളുടെ വിതരണത്തിന് ഓണ്‍ലൈന്‍ സംവിധാനമേര്‍പ്പെടുത്തിയതോടെ ക്രമക്കേടുകള്‍ കുറഞ്ഞെന്ന് ഉദേ്യാഗസ്ഥര്‍ കണക്കുകള്‍ സഹിതം അവതരിപ്പിച്ചു. 2017 ആഗസ്റ്റില്‍ സബ്‌സിഡി സാധനങ്ങളുടെ വില്പന 117.76 കോടി രൂപയായിരുന്നത് ഓണ്‍ലൈന്‍ സംവിധാനം വന്നതോടെ ഈ ഓഗസ്റ്റില്‍ 88.56 കോടി രൂപയായി കുറഞ്ഞു. ഒരേ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് പല സപ്‌ളൈകോ ഔട്ട്‌ലെറ്റുകളില്‍ നിന്നും സബ്‌സിഡി സാധനങ്ങള്‍ കൈപ്പറ്റുന്നത് തടയാനായി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് സപ്‌ളൈകോ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ എംഎസ് ജയ പറഞ്ഞു.

 2018 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ കോര്‍പറേഷന്റെ വിറ്റുവരവ് 2164 കോടി രൂപയാണ്. 2017  ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ ഇത് 2364 കോടി രൂപ ആയിരുന്നു. ബജറ്റില്‍ അനുവദിച്ച തുകയ്ക്കുപുറമെ കമ്പോള ഇടപെടലിനായി 235 കോടി രൂപ കൂടി ആവശ്യമാണെന്ന് സപ്‌ളൈകോ ഉദേ്യാഗസ്ഥര്‍ അറിയിച്ചു. നൂറില്‍പരം ഔട്ട്‌ലെറ്റുകള്‍ ആധുനികവത്കരിക്കാനും സപ്‌ളൈകോയ്ക്ക് പദ്ധതിയുണ്ട്.

സര്‍ക്കാര്‍ ധനസഹായത്തിനു പുറമെ സബ്‌സിഡിയിതര വസ്തുക്കള്‍ വിറ്റു കിട്ടുന്ന ലാഭം വര്‍ദ്ധിപ്പിച്ച് സ്ഥാപനം ലാഭത്തിലെത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സമിതി നിര്‍ദേശിച്ചു. 

എംഎല്‍എമാരായ എസ് രാജേന്ദ്രന്‍, സണ്ണിജോസഫ്, പിടിഎ റഹിം, സി എഫ് തോമസ്, ടി എ അഹമ്മദ് കബീര്‍, ഹൈബി ഈഡന്‍, സപ്‌ളൈകോ ഉന്നത ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

തുടര്‍ന്ന് കടവന്ത്ര ഗാന്ധി നഗറിലെയും പനമ്പിള്ളി നഗറിലെയും സപ്‌ളൈകോ ഔട്ട്‌ലെറ്റുകള്‍ സമിതിയംഗങ്ങള്‍ സന്ദര്‍ശിച്ചു.

date