Skip to main content

നവകേരള നിര്‍മാണം : ഭാഗമായി ആദിവാസി സമൂഹവും

 

തങ്ങളെ സഹായിച്ച സര്‍ക്കാരിന് തങ്ങളാല്‍ കഴിയുന്ന സഹായം തിരികെ നല്‍കി കുറുമ്പന്‍മൂഴി ആദിവാസി സമൂഹം. നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ കുറുമ്പന്‍മൂഴി കോളനിയില്‍ കേരള ഉള്ളാട മഹാസഭയുടെ നേതൃത്വത്തില്‍ സമാഹരിച്ച അയ്യായിരത്തിയൊന്ന് രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയായി നല്‍കിയത്.

 പ്രളയം ജില്ലയെ ബാധിച്ചപ്പോള്‍ തികച്ചും ഒറ്റപ്പെട്ട പ്രദേശമായിരുന്നു കുറുമ്പന്‍മൂഴി കോളനി. ഉരുള്‍പെട്ടല്‍ ഭീതിയില്‍ 130ഓളം വരുന്ന കുടുംബങ്ങള്‍ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. ഒരാഴ്ച പെയ്തിറങ്ങിയ കനത്ത മഴയില്‍ ഇവരുടെ വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. പുറംലോകത്ത് നിന്നും ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ഇവര്‍ക്ക്് ആദ്യ സഹായവുമായി എത്തിയത് ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഭക്ഷണവും വസ്ത്രവും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ ഇവര്‍ക്കായി എത്തിച്ച ജില്ലാ ഭരണകൂടത്തോടുള്ള ആദരവിന്റെ ഭാഗമായാണ് തങ്ങളുടെ നിത്യചെലവുകളില്‍ നിന്നും മിച്ചംപിടിച്ച തുക സമാഹരിച്ച് പ്രളയബാധിത കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന്റെ ഭാഗമാകാന്‍ ഇവര്‍ എത്തിയത്. തദ്ദേശഭരണസ്ഥാപനത്തിനും സംഘടനകള്‍ക്കുമൊക്കെ പ്രളയശേഷമുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇവര്‍ സംഭാവനകള്‍ നല്‍കിയിരുന്നു. 

കോളനിയിലെ വിധവയായ ശാന്തമ്മ പ്രളയബാധിതരായവര്‍ക്കായി ഭൂമിയും നല്‍കിയിരുന്നു. ഊരുമൂപ്പന്‍ പൊടിയന്‍കുഞ്ഞൂഞ്ഞിന്റെ നേതൃത്വത്തിലുള്ള സംഘം ജില്ലാ കളക്ടര്‍ പി.ബി നൂഹിന് സംഭാവന കൈമാറി. എം.എം തങ്കപ്പന്‍, വിമലാരവി, വിനു കണ്ണന്‍ എന്നിവരും സന്നിഹിതരായിരുന്നു.                  (പിഎന്‍പി 3390/18)

date