Skip to main content

ഇ. എസ്. ഐ ആശുപത്രികളിലേക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍  നിന്ന് മരുന്ന് വാങ്ങും: മന്ത്രി ടി. പി. രാമകൃഷ്ണന്‍

 

സംസ്ഥാനത്തെ ഇ. എസ്. ഐ ആശുപത്രികളിലേക്ക് 103 ഇനം മരുന്നുകള്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ പറഞ്ഞു. 2017ലെ മികച്ച ഇ. എസ്. ഐ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു മന്ത്രി. 

കേരള ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍, നീതി സ്‌റ്റോറുകള്‍ എന്നിവിടങ്ങളില്‍ നിന്നാവും മരുന്നുകള്‍ വാങ്ങുക. ആശുപത്രികളില്‍ മരുന്നില്ലാത്ത സാഹചര്യത്തില്‍ രോഗികള്‍ പുറത്ത് നിന്ന് വലിയ വില നല്‍കിയാണ് മരുന്ന് വാങ്ങുന്നത്. ഇത് സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പുവരുത്തണം. 

ഇ. എസ്. ഐ ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഒ. പി പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. ഇ. എസ്. ഐ കോര്‍പറേഷന്റെ സഞ്ചിതനിധി സ്വകാര്യ ധനകാര്യ സ്ഥാപനത്തെ ഏല്‍പ്പിക്കുന്നത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. ഈ നടപടി പിന്‍വലിക്കണം. ഇതുസംബന്ധിച്ച് കേന്ദ്ര മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് സര്‍ക്കാര്‍ കത്ത് അയച്ചിട്ടുണ്ട്. ഇ. എസ്. ഐ ആശുപത്രികള്‍ രോഗീ സൗഹൃദ കേന്ദ്രങ്ങളാവണം. ആശുപത്രിയിലേക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ മുന്‍കൈയെടുക്കണം. പരാതികള്‍ക്ക് ഇട വരുത്തരുത്. ഇ. എസ്. ഐകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 18 പുതിയ ഡിസ്‌പെന്‍സറികള്‍ തുടങ്ങാന്‍ നടപടിയെടുത്തു. ഫറൂക്ക്, പേരൂര്‍ക്കട ആശുപത്രികളില്‍ കീമോത്തെറാപ്പി സംവിധാനം ഏര്‍പ്പെടുത്തുന്നത് ആലോചിക്കുന്നുണ്ട്. സ്‌പെഷ്യാലിറ്റി ചികിത്‌സ ഉറപ്പാക്കാന്‍ 38 സ്വകാര്യ ആശുപത്രികളെയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്‌സയ്ക്കായി 47 സ്വകാര്യ ആശുപത്രികളെയും എം പാനല്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 

ആശുപത്രി വിഭാഗത്തില്‍ പേരൂര്‍ക്കട ഇ. എസ്. ഐ ആശുപത്രി, എറണാകുളം ഇ. എസ്. ഐ ആശുപത്രി എന്നിവയ്ക്ക് ആദ്യ രണ്ട് സ്ഥാനങ്ങള്‍ക്കുള്ള പുരസ്‌കാരം ലഭിച്ചു. ഡിസ്‌പെന്‍സറികളില്‍ കോഴിക്കോട് കുന്നത്തുപാലത്തിന് ഒന്നാം സ്ഥാനത്തിനും ചേര്‍ത്തലയ്ക്ക് രണ്ടാം സ്ഥാനത്തിനുമുള്ള പുരസ്‌കാരം നല്‍കി. തൊഴില്‍ നൈപുണ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി എസ്. മഞ്ജു അധ്യക്ഷത വഹിച്ചു. ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പ് ഡയറക്ടര്‍ ഡോ. അജിതാനായര്‍ ആര്‍, ഇ. എസ്. ഐ കോര്‍പറേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡി. പ്രശാന്ത്, ഡോ. പ്രേമകുമാരി, ഡോ. ഡി. അനിത എന്നിവര്‍ സന്നിഹിതരായിരുന്നു. 

   പി.എന്‍.എക്‌സ്.4653/18

date