Skip to main content

നവകേരള നിര്‍മാണത്തിന് കലാകാരന്‍മാരുടെ കൈത്താങ്ങ് വീ ഷാല്‍ ഓവര്‍കം സംഗീത സായാഹ്നം 29ന് മറൈന്‍ഡ്രൈവില്‍

We Shall Overcome

 

കൊച്ചി: പ്രളയാനന്തര കേരളത്തിന്റെ പുനഃനിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാരിന് കൈത്താങ്ങുമായി കൊച്ചിയില്‍ പ്രശസ്ത കലാകാരന്‍മാര്‍ പങ്കെടുക്കുന്ന സംഗീതവിരുന്ന്. സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസി നേതൃത്വം നല്‍കുന്ന വീ ഷാല്‍ ഓവര്‍കം സംഗീതപരിപാടി ഒക്‌ടോബര്‍ 29ന് വൈകിട്ട് ആറു മണിക്ക് എറണാകുളം മറൈന്‍ഡ്രൈവില്‍ അരങ്ങേറും. സംഗീതപരിപാടിയുടെ സ്‌പോണ്‍സര്‍ഷിപ്പിലൂടെ സമാഹരിച്ച 6.85 കോടി രൂപ പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കും. മന്ത്രിമാരായ എ.സി. മൊയ്തീന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും പങ്കെടുക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പത്രസമ്മേളനത്തില്‍ അറിയിച്ചു. സംഗീതപരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

എറണാകുളം ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും റോട്ടറി ഇന്റര്‍നാഷണലും സ്റ്റീഫന്‍ ദേവസിയുടെ സുഹൃദ്‌സംഘവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രതിഫലം വാങ്ങാതെയാണ് കലാകാരന്‍മാര്‍ ഇതില്‍ പങ്കെടുക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള കൗണ്ടറും മറൈന്‍ഡ്രൈവിലെ വേദിയ്ക്ക് സമീപമുണ്ടാകും. പണമായും ചെക്കായും തുക സ്വീകരിക്കും. 

പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവരെ സംഗീതപരിപാടിയില്‍ ആദരിക്കുമെന്ന് സ്റ്റീഫന്‍ ദേവസി പറഞ്ഞു. ആന്‍ഡ്രിയ ജെറെമിയ, നരേഷ് അയ്യര്‍, സുനിത സാരഥി എന്നിവര്‍ ഗാനങ്ങളുമായി വേദിയിലെത്തും. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ ത്രയം, കരുണ മൂര്‍ത്തിയുടെ തവില്‍ പ്രകടനം, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ അന്തേവാസികളായ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന ഗാനമേള, അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന പ്രത്യേക പരിപാടി, എന്നിവയും സംഗീത സായാഹ്നത്തിന്റെ ഭാഗമാകും. ബാലഭാസ്‌കര്‍ക്ക് ആദരവേകി അറബ് പൗരന്‍ സാജ് സാബ്രിയുടെ വയലിന്‍ ആലാപനവുമുണ്ടാകും.

ടൂറിസം സീസണ്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ ഈ മേഖലയ്ക്ക് ഉണര്‍വ് പകരുകയെന്ന ലക്ഷ്യം കൂടി സംഗീത പരിപാടിക്കുണ്ട്. പത്രസമ്മേളനത്തില്‍ ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.പി. നന്ദകുമാര്‍, പി.കെ. സുധീര്‍ (റോട്ടറി ഇന്റര്‍നാഷണല്‍), സേവി കുരിശുവീട്ടില്‍, സാം ദേവസി എന്നിവരും പങ്കെടുത്തു.

date