Skip to main content

കുട്ടികള്‍ക്കെതിരായ അതിക്രമം: പ്രത്യേക ബോധവത്കരണം സംഘടിപ്പിക്കും ബാലാവകാശ കമ്മീഷന്‍

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി പ്രത്യേക ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷ്. കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ജില്ലാ ശിശു സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്റ്റേക്ക് ഹോള്‍ഡേഴ്‌സ് മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തമായ നിയമങ്ങളുണ്ടായിട്ടും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. സമൂഹത്തിലെ എല്ലാ മേഖലയിലുള്ളവരെയും ഉള്‍പ്പെടുത്തിയുള്ള ബോധവത്കരണം മാത്രമാണ് ഇതിന് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.
ബാല വിവാഹം, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍, കുട്ടികളിലെ ലഹരി ഉപയോഗം തുടങ്ങിയവയാണ് ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍. ഇവ പരിഹരിക്കുന്നതിനായി തദ്ദേശ സ്ഥാപനതലത്തില്‍ ബാലാവകാശ സംരക്ഷണ സമിതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. പോലിസ്, സൈക്കോളജിസ്റ്റ്, കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പ് ജീവനക്കാര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രത്യേക യോഗം ചേര്‍ന്ന് പദ്ധതി തയ്യാറാക്കും. പഞ്ചായത്ത് തലത്തിലുള്ള സമിതികളെ ശാക്തീകരിക്കുന്നതതിനായി ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു പരിശീലനം നല്‍കും. ഗ്രാമാന്തരങ്ങളില്‍ പ്രത്യേക സമിതികളുണ്ടാകുമ്പോള്‍ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഫലപ്രദമായി പരിഹരിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. അതിന് സമിതികളെ പ്രാപ്തമാക്കുന്ന പരിശീലനങ്ങളാണ് ശില്‍പശാലകളില്‍ നല്‍കുക. പരിശീലന പരിപാടിയുടെ ഭാഗമായി കേരളത്തിലുടനീളം 40 ശില്‍പ്പശാലകള്‍ സംഘടിപ്പിക്കും. ബാലാവകാശ സംരക്ഷണ സമിതി ശാക്തീകരണ ശില്‍പ്പശാലകളുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 27ന് തിരുവന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മലപ്പുറം ജില്ലയില്‍ നാലിടങ്ങളിലായി അടുത്ത മാസം ഈ ശില്പശാലകള്‍ നടക്കും. കൂടാതെ അഞ്ച് ദിവസത്തെ ലീഗല്‍ വര്‍ക്ക്ഷോപ്പ്, കുട്ടികള്‍ക്ക് പാര്‍ലിമെന്ററി അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍, സ്‌കൂള്‍, കോളെജ് തലത്തില്‍ ക്വിസ് പരിപാടികള്‍ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.
ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ബുദ്ധിമുട്ടുന്നത് ഇല്ലാതാക്കാനുള്ള നടപടി സ്വീകരിക്കും. ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ നിരത്തിലൂടെ കുട്ടികള്‍ വാഹനമോടിക്കുന്നത് അവസാനിപ്പിക്കാന്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ശക്തമായ ബോധവത്കരണം നല്‍കും. ക്ലാസുകള്‍ കട്ട് ചെയ്ത് കറങ്ങി നടക്കുന്ന പ്രവണത അവസാനിപ്പിക്കുന്നതിനുള്ള നടപടികളും വിവിധ വകുപ്പുകളുമായി ചേര്‍ന്ന് സ്വീകരിക്കും.
നിര്‍ഭയ ഹോമുകളില്‍ ഉള്‍ക്കൊള്ളാവുന്നതിലധികം കുട്ടികളെ താമസിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കും. ഇവിടങ്ങളില്‍ 18 വയസ്സ് കഴിഞ്ഞവരെ താമസിപ്പിക്കുന്നതും ചെറിയ കുട്ടികള്‍ക്കൊപ്പം മുതിര്‍ന്ന കുട്ടികളെ ഒരുമിച്ച് താമസിപ്പിക്കുന്നതും ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സജീവമായും ആത്മാര്‍ത്ഥമായും പ്രവര്‍ത്തിക്കുന്ന ജില്ലാ കളക്ടറെയും ഭരണകൂടത്തെയും ഉദ്യോഗസ്ഥരെയും അദ്ദേഹം അഭിനന്ദിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.  സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം എം.പി ആന്റണി , ജില്ലാ കളക്ടര്‍ അമിത് മീണ, ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി, ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ എം. മണികണ്ഠന്‍, ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ കെ.പി ഷാജി,  ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍, വിവിധ വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.  

 

date