Skip to main content

ഞങ്ങള്‍ എത്തും ബ്രോ, നിങ്ങളെത്തും മുന്‍പേ..  രക്തദാനവുമായി ജില്ലാ പോലീസ് 

ഞങ്ങള്‍ എത്തും ബ്രോ, നിങ്ങളെത്തും മുന്‍പേ.. 

രക്തദാനവുമായി ജില്ലാ പോലീസ് 

ജില്ലയില്‍ ഏത് സമയത്തും ആവശ്യമായവര്‍ക്ക് രക്തം ദാനം ചെയ്യാന്‍ ജില്ലാ പോലീസിന്റെ ബ്ലഡ് ഡൊണേറ്റിംഗ് കോപ്‌സ്. പോലീസ് സ്മൃതി ദിനവുമായി ബന്ധപ്പെട്ട് രൂപംകൊണ്ട പദ്ധതിയുടെ ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ആറന്മുള എംഎല്‍എ വീണാ ജോര്‍ജ് നിര്‍വഹിച്ചു. ഒരാള്‍ക്ക് രക്തം ആവശ്യമായി വരുമ്പോള്‍ മറ്റുള്ളവരേക്കാള്‍ വേഗത്തില്‍ യഥാസമയത്ത് രക്തം എത്തിക്കാന്‍ പോലീസ് സേനയ്ക്ക് കഴിയും. ജില്ലാ പോലീസിന്റെ ഈ ഉദ്യമം പ്രശംസനീയമാണെന്നും സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും എംഎല്‍എ പറഞ്ഞു. 

24 മണിക്കൂറും സേവനസന്നദ്ധമായി കര്‍മനിരതരാണ് ജില്ലയിലെ പോലീസ്. രക്തദാനം മഹാദാനം എന്ന ആശയം പൂര്‍ണമായും സമൂഹത്തെ അറിയിക്കുക എന്ന ലക്ഷ്യത്തിലാണ് ബ്ലഡ് ഡൊണേറ്റിംഗ് കോപ്‌സിന് രൂപം നല്‍കിയിരിക്കുന്നത്. ഞങ്ങള്‍ എത്തും ബ്രോ, നിങ്ങളെത്തും മുന്‍പേ എന്ന ആപ്തവാക്യമാണ് ജില്ലാ പോലീസ് ടാഗ് ലൈനാക്കിയിരിക്കുന്നത്. രക്തം ആവശ്യമുള്ളവര്‍ക്കും രക്തം ദാനം ചെയ്യാന്‍ സന്നദ്ധരായവര്‍ക്കും ഏത് സമയത്തും 9497931024, 9995771230 എന്നീ നമ്പറുകളിലോ, പത്തനംതിട്ട പോലീസ്        സ്‌റ്റേഷനിലോ ബന്ധപ്പെട്ടാല്‍ മതിയാകും. 

പത്തനംതിട്ട പോലീസ് സ്‌റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരും എ.ആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥരും രക്തദാന സേനയിലെ അംഗങ്ങളാണ്. നിലവില്‍ തൊണ്ണൂറോളം അംഗങ്ങള്‍ ബ്ലഡ് ഡൊണേറ്റിംഗ് കോപ്‌സിന്റെ ഭാഗമായുണ്ട്. രക്തദാന സന്നദ്ധരായ പൊതുജനങ്ങള്‍ക്കു വേണ്ടി പത്തനംതിട്ട പോലീസ് സ്‌റ്റേഷനില്‍ പ്രത്യേക കൗണ്ടര്‍ ആരംഭിക്കുമെന്ന് സിഐ സുനില്‍കുമാര്‍ പറഞ്ഞു. രക്തദാനത്തിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കുന്നതിനും താല്‍പ്പര്യമുള്ളവരെ അംഗങ്ങളാക്കുന്നതിനും പ്രത്യേക വിഭാഗം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ എല്ലാ ആശുപത്രികളിലും ചികിത്സയിലുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ രക്തം ദാനം ചെയ്യുക. പത്തനംതിട്ട ഡിവൈഎസ്പി എസ് റഫീഖ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ തിരുവനന്തപുരം സിറ്റി ഡിസിപി ആദിത്യ മുഖ്യാതിഥിയായി. ഡിവൈഎസ്പിമാരായ പ്രദീപ്കുമാര്‍, സന്തോഷ്, സുധാകരന്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീലത, ഡോ. പ്രിറ്റി തുടങ്ങിയവര്‍ പങ്കെടുത്തു.                   (പിഎന്‍പി 3436/18)

date