Skip to main content

മതേതരകാഴ്ചപ്പാടിന്റെ വ്യാപന കേന്ദ്രമാണ് പൊതുവിദ്യാലയങ്ങള്‍ - മന്ത്രി കെടി ജലീല്‍

 

നാട്ടില്‍ മതേതര കാഴ്ചപ്പാടുകള്‍ നിലനിര്‍ത്തുന്നതില്‍ പൊതു വിദ്യാലയങ്ങളുടെ പങ്ക് വലുതാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി ജലീല്‍. മഞ്ചേരി ഗവ. ബോയ്‌സ് സ്‌കൂള്‍ മികവിന്റെ കേന്ദ്രം ശിലാസ്ഥാപനവും അടല്‍ ടിങ്കറിങ് ലാബ് ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നാടിന്റെ മതനിരപേക്ഷത കാത്ത് സൂക്ഷിക്കുന്നതിലും ഒരുമ നിലനിര്‍ത്തുന്നതിലും പൊതുവിദ്യാലയങ്ങള്‍ വലിയ പങ്കാണ് വഹിക്കുന്നത്. പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുക എന്നതാണ് സര്‍ക്കാര്‍ നയം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 2.5 ലക്ഷം വിദ്യാര്‍ഥികളാണ് പൊതുവിദ്യാലയങ്ങളില്‍ അധികം ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.എം ഉമ്മര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയര്‍പേഴ്‌സന്‍ വി എം സുബൈദ, വൈസ് ചെയര്‍മാന്‍ വിപി ഫിറോസ്, സ്ഥിരം സമിതി അധ്യക്ഷരായ സജ്‌ന അത്തിമണ്ണില്‍, സമീറ മുസ്തഫ, വാര്‍ഡ് കൗണ്‍സിലര്‍ കൃഷ്ണദാസ് രാജ, കെ ഫിറോസ് ബാബു, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരായ സികെ ശശിപ്രഭ, കൃഷ്ണന്‍, എസ്എസ്എ പ്രൊജ്ക്ട് ഓഫീസര്‍ എന്‍ നാസര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോഡിനേറ്റര്‍ എം മണി, എഇഒ കെ സാജന്‍, ബിപിഒ മോഹന്‍രാജ്, പ്രധാനധ്യാപകന്‍ പി സെയ്തലവി, പ്രിന്‍സിപ്പില്‍ വിസി ഗീതാമണി, പിടിഎ പ്രസിഡന്റ് പി ഷണ്‍മുഖദാസ്, വൈസ് പ്രസിഡന്റ് കെഎം ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു.
സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ ശാക്തീകരണ യജ്ഞത്തില്‍ മികവിന്റെ കേന്ദ്രമാക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയമാണ് മഞ്ചേരി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. സ്‌കൂളില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് മൂന്ന് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ കെട്ടിടത്തിന്റെ ശിലാസ്ഥാപനമാണ് മന്ത്രി നിര്‍വഹിച്ചത്. കെട്ടിടം നിര്‍മിക്കുന്നതിനൊപ്പം സ്‌കൂളിന്റെ അടിസ്ഥാന സൗകര്യവും വര്‍ധിപ്പിക്കും. കൂടുതല്‍ ശാസ്ത്രസാങ്കേതിക പ്രതിഭകളെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചതാണ് അടല്‍ ടിങ്കറിങ് ലാബ്. സ്വയം പ്രവര്‍ത്തിപ്പിച്ച് പഠിക്കാവുന്ന ഉപകരണങ്ങളടങ്ങിയ കിറ്റുകള്‍, ത്രിഡി പ്രിന്റര്‍, റോബോട്ട് കിറ്റ് എന്നിവ ലാബിലുണ്ട്. ടെലസ്‌കോപ് അടക്കമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രവര്‍ത്തി സമയത്ത് പ്രത്യേക പിരിയഡുകള്‍ നീക്കി വച്ചും സ്‌കൂള്‍ സമയത്തിന് ശേഷവും കുട്ടികള്‍ക്ക് ലാബ് ഉപയോഗിക്കാം. ഓരോ വിഷയത്തിലും വിദഗ്ധരായ വ്യക്തികളുടെ സേവനവും ലാബില്‍ ലഭിക്കും.

 

date