Skip to main content

ഐ.ഒ.സി പ്ലാന്റ്: സുരക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കും- ജില്ലാ കളക്ടര്‍

ചേളാരിയിലെ ഐ.ഒ.സി ബോട്ട്‌ലിംഗ് പ്ലാന്റിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വിവിധ വകുപ്പുകളും ഏജന്‍സികളും നല്‍കിയ എല്ലാ രേഖകളും പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ അമിത് മീണ അറിയിച്ചു. പ്ലാന്റിന്റെ  പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധകളുടെയും ഉദ്യോഗസ്ഥരുടെയും പരിസരവാസികളുടെയും യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. യോഗത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ പ്ലാന്റിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും മറ്റും കൃത്രിമവും വ്യാജവുമാണെന്ന് ആരോപണമുന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണിത്.
പ്ലാന്റ് സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും നല്‍കിയ സര്‍ട്ടിഫിക്കറ്റുകളും രേഖകളും അടിയന്തിരമായി ലഭ്യമാക്കാന്‍ ഐ.ഒ.സി പ്രതിനിധികള്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. പ്ലാന്റ് പ്രവര്‍ത്തിക്കുന്നത് സുരക്ഷിതമായിട്ടാണോയെന്ന കാര്യം പരിശോധിക്കുന്നതിന് വിദഗ്ധ ടീം രൂപീകരിക്കുന്ന കാര്യം പരിശോധിക്കും. ടാങ്കര്‍ ലോറികളില്‍ രണ്ടു ഡ്രൈവര്‍മാരുണ്ടോയെന്ന് ഉറപ്പു വരുത്തുന്നതിന് പൊലീസിന് നിര്‍ദ്ദേശം നല്‍കി.
പാണമ്പ്ര അപടകടത്തിനു ശേഷം പരിസര വാസികള്‍ കടുത്ത ആശങ്കയിലാണെന്നും സാങ്കേതിക വിദഗ്ധരെ കൊണ്ടു വന്ന് പ്ലാന്റിന്റെ സുരക്ഷ പരിശോധിപ്പിച്ച് ആശങ്കയകറ്റണമെന്നും യോഗത്തില്‍ പങ്കെടുത്ത പി. അബ്ദുല്‍ഹമീദ് എം.എല്‍.എ ആവശ്യപ്പെട്ടു.

തിരൂര്‍ ആര്‍.ഡി.ഒ എന്‍.എം മെഹറലി, ഐ.ഒ.സി പ്ലാന്റ് ജനറല്‍ മാനേജര്‍ സി.എന്‍ രാജേന്ദ്രകുമാര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തോമസ് ജോര്‍ജ്, മാനേജര്‍ കെ. ലക്ഷ്മിപതി, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ബക്കര്‍ ചെര്‍ണൂര്‍, എ.കെ അബ്ദുറഹ്മാന്‍, ജനകീയ സമിതി, ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികള്‍ പങ്കെടുത്തു.

 

date