Skip to main content

വനിതാരത്‌നം പുരസ്‌കാരം 2017; അപേക്ഷ ക്ഷണിച്ചു

 

കൊച്ചി:  വിവിധ മേഖലകളില്‍ സുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വനിതകളെ ആദരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ വനിതാരത്‌നം എന്ന പേരില്‍ അവാര്‍ഡ് നല്‍കുന്നു. കല, സാഹിത്യം, സാമൂഹ്യസേവനം എന്നീ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വനിതകള്‍ക്കാണ് അവാര്‍ഡ്.  

അക്കാമ്മ ചെറിയാന്‍ അവാര്‍ഡ്-സാമൂഹ്യസേവനം, ക്യാപ്റ്റന്‍ ലക്ഷ്മി അവാര്‍ഡ്- വിദ്യാഭ്യാസ രംഗം, കമല സുരയ്യ അവാര്‍ഡ് - സാഹിത്യ രംഗം, റാണി ലക്ഷ്മീഭായ് അവാര്‍ഡ്- ഭരണരംഗം, ജസ്റ്റിസ് ഫാത്തിമ ബീവി അവാര്‍ഡ് - ശാസ്ത്രരംഗം, മൃണാളിനി സാരാഭായ് അവാര്‍ഡ് -കലാരംഗം, മേരി പുന്നന്‍ ലൂക്കോസ് അവാര്‍ഡ്- ആരോഗ്യരംഗം, ആനി തയ്യില്‍ അവാര്‍ഡ്-മാധ്യമരംഗം, കുട്ടിമാളു അമ്മ അവാര്‍ഡ്- കായികരംഗം, സുകുമാരി അവാര്‍ഡ് - അഭിനയ രംഗം, ആനിമസ്‌ക്രീന്‍ അവാര്‍ഡ് - വനിതാ ശാക്തീകരണ രംഗം എന്നിങ്ങനെ 11 മേഖലകളിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. ഓരോ പുരസ്‌കാര ജേതാവിനും മൂന്ന് ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് നല്‍കുന്നത്. താത്പര്യമുളളവര്‍ അതത് ജില്ലാ സാമൂഹ്യനീതി ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം തങ്ങളുടെ പ്രവര്‍ത്തന മേഖല വിശദീകരിക്കുന്ന രേഖകള്‍ (പുസ്തകം, സി.ഡി. കള്‍, ഫോട്ടോകള്‍, പത്രക്കുറിപ്പ്) എന്നിവ ഉള്‍പ്പെടുത്തണം.

വ്യക്തികള്‍ക്കും, സംഘടനകള്‍ക്കും മേല്‍സൂചിപ്പിച്ച മേഖലകളിലും സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്ന വനിതകളെ അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്യാം. അപേക്ഷകളും നോമിനേഷനുകളും അതത് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15. 

അര്‍ഹമായ അപേക്ഷകള്‍ ലഭിക്കാത്തപക്ഷം ഉചിതമായ വ്യക്തികളെ കമ്മിറ്റി തീരുമാനിക്കും. അവാര്‍ഡിന് തെരഞ്ഞെടുക്കുന്നതിന് ചുവടെ രേഖപ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷക ജീവിച്ചിരിക്കുന്ന ആളാകണം. കഴിഞ്ഞ അഞ്ച് വര്‍ഷമെങ്കിലും പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരായിരിക്കണം. അപേക്ഷകയുടെ പ്രവര്‍ത്തനങ്ങള്‍ വനിതാ ക്ഷേമത്തിനും സുരക്ഷയ്ക്കും വനിതകള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലും ആയിരിക്കണം. വളരെ ബുദ്ധിമുട്ടുളള സാഹചര്യങ്ങളെ അതിജീവിച്ച് നേട്ടങ്ങളാര്‍ജിച്ച വനിതകള്‍ക്കും മുന്‍ഗണനയുണ്ടായിരിക്കും.

date