Skip to main content

പാതയോരങ്ങളിലെ പരസ്യ ബോര്‍ഡുകള്‍  നീക്കം ചെയ്യാന്‍ തീരുമാനം.

 

 

പാതയോരത്തെ കാഴ്ച്ച മറക്കുന്ന പരസ്യ ബോഡുകള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി അടിമാലി ഗ്രാമപഞ്ചായത്ത്. നിര്‍ദ്ദേശം ലഭിച്ച് ഏഴ് ദിവസത്തിനുള്ളില്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളവര്‍ അത് നീക്കം ചെയ്യണമെന്നാണ് പഞ്ചായത്തിന്റെ അറിയിപ്പ്. പാതയോരങ്ങളിലെ ബോഡുകള്‍ നീക്കം ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവ് കണക്കിലെടുത്താണ് പഞ്ചായത്തിന്റെ നടപടി. അടിമാലി ഗ്രാമപഞ്ചായത്ത് പരിധിക്ക് കീഴില്‍ വരുന്ന ദേശിയപാതകളിലും ഗ്രാമീണ റോഡുകളിലും വാഹനയാത്രികരുടെ കാഴ്ച്ച മറക്കും വിധം സ്ഥാപിച്ചിട്ടുള്ള എല്ലാവിധ പരസ്യ ബോര്‍ഡുകളും ബാനറുകളും പൂര്‍ണ്ണമായി നീക്കം ചെയ്യാനാണ് പഞ്ചായത്തധികൃതര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. രാഷ്ട്രീയ പ്രസ്ഥാനങ്ങളും വ്യാപാര സ്ഥാപനങ്ങളും ഇതര സംഘടനകളും ഇത്തരത്തില്‍ സ്ഥാപിച്ചിട്ടുള്ള മുഴുവന്‍ ബോര്‍ഡുകളും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്യും. പൊതുപരിപാടികളോ മറ്റാവശ്യങ്ങളോ കഴിഞ്ഞ ശേഷം സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍ നീക്കം ചെയ്യാതെ ഉടമസ്ഥര്‍ അലംഭാവം പുലര്‍ത്തുന്ന  സാഹചര്യത്തില്‍ കൂടിയാണ് പഞ്ചായത്തിന്റെ ഈ പുതിയ നീക്കം. നിര്‍ദ്ദേശം ലഭിച്ച് ഏഴ് ദിവസത്തിനുള്ളില്‍ പാതയോരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡ്  നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് പഞ്ചായത്ത് സെക്രട്ടറി കെഎന്‍ സഹജന്‍ പറഞ്ഞു. പരസ്യബോര്‍ഡുകള്‍ അടക്കം പാതയോരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പല ഫ്‌ളക്‌സുകളും പൂര്‍ണ്ണമായി തന്നെ വാഹനയാത്രികരുടെ കാഴ്ച്ച മറക്കുന്നതാണ്. പഞ്ചായത്തിന്റെ  പരിധിയില്‍ വരുന്ന പാതയോരങ്ങളില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കണമെങ്കില്‍ ഇനി പഞ്ചായത്തിന്റെ അനുമതി വാങ്ങണമെന്ന കര്‍ശന നിര്‍ദ്ദേശവും വരും ദിവസങ്ങളില്‍ നടപ്പാക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

date