Skip to main content

ജില്ലാ പി എസ് സി ഓഫീസിന് കട്ടപ്പന നഗരസഭ  സ്ഥലം വിട്ടുനല്കുന്നു

 

 

ജില്ലാ പി എസ് സി ഓഫീസിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ കട്ടപ്പന നഗരസഭ 20 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നല്കുന്നു. നവംബര്‍ ഏഴിന് കട്ടപ്പന നഗരസഭാ ഹാളില്‍ ചേരുന്ന ചടങ്ങില്‍ സ്ഥലത്തിന്റെ രേഖകള്‍ പി.എസ് .സി ചെയര്‍മാന്‍ അഡ്വ.എം.കെ.സക്കീറിന് കൈമാറുമെന്ന് നഗരസഭാ ചെയര്‍മാന്‍ മനോജ് എം.തോമസ് അറിയിച്ചു. കട്ടപ്പന അമ്പലക്കവലയില്‍ കുറഞ്ഞത് 50 ലക്ഷം രൂപ വിലമതിക്കുന്നതും നഗരസഭയുടെ ഉടമസ്ഥതയിലുണ്ടായിരുന്നതുമായ 20 സെന്റ് സ്ഥലമാണ് പിഎസ്.സിക്ക് വിട്ടു നല്കുന്നത്. കട്ടപ്പന സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ മാത്രം അകലെയാണിത്. അതുകൊണ്ടുതന്നെ ഇവിടെ കെട്ടിടം നിര്‍മ്മിച്ച് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചാല്‍ കട്ടപ്പന ടൗണിനോടു ചേര്‍ന്നും യാത്രാ സൗകര്യമുള്ളതിനാലും ഉദ്യോഗാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും ഇവിടെ സൗകര്യപ്രദമായി എത്തിച്ചേരാനാകും. നിലവില്‍ കട്ടപ്പന പഴയ ബസ്റ്റാന്റിന് എതിര്‍വശത്തുള്ള ഹൗസിംഗ് ബോര്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സിന്റെ അഞ്ചാം നിലയില്‍ വാടകയ്ക്കാണ് ജില്ലാ പിഎസ് സി ഓഫീസ് പ്രവര്‍ത്തിച്ചു വരുന്നത്. മാസം തോറും നല്ലൊരു തുക വാടക നല്കേണ്ടി വരുന്നത് ഇപ്പോള്‍ ലഭിക്കുന്ന സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കുന്നതോടെ ഒഴിവാക്കാനാകും. സ്ഥലം വിട്ടു നല്കാനുള്ള സന്നദ്ധത നഗരസഭാ കൗണ്‍സില്‍ പാസാക്കി ഗവണ്‍മെന്റില്‍ അറിയിക്കുകയും സ്ഥലം വിട്ടു നല്കാന്‍ സര്‍ക്കാര്‍ അനുമതി നല്കുകയും ചെയ്തതോടെ കൈമാറ്റ നടപടികള്‍ പൂര്‍ത്തിയാക്കി. ഹൈറേഞ്ച് മേഖലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏറെ സൗകര്യപ്രദമായി കട്ടപ്പനയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസിനായി സ്ഥലം ലഭ്യമാക്കണമെന്ന് പി എസ് സി യുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഇതോടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

date