Skip to main content

ഭാഷയുടെ നിലനില്‍പ്പിന് അന്യം നിന്നുപോകുന്ന വാക്കുകള്‍  പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കണം - ജില്ലാ കളക്ടര്‍

 

മാതൃഭാഷയായ മലയാളത്തിന്റെ നിലനില്‍പ്പിന് അന്യം നിന്നുപോകുന്ന മലയാളവാക്കുകള്‍ പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ മലയാളം കേട്ടെഴുത്ത്, ഫയലെഴുത്ത് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ കളക്ടര്‍. മുമ്പ് ഉപയോഗിച്ചിരുന്ന പല മലയാള പദങ്ങളുടെയും സ്ഥാനത്ത് ഇന്ന് ഇംഗ്ലീഷ് പദങ്ങളാണ് ഉപയോഗിക്കുന്നത്. ഈ അവസ്ഥ തുടര്‍ന്നാല്‍ കുറഞ്ഞ കാലത്തിനുള്ളില്‍ നമ്മുടെ പദസമ്പത്ത് ചുരുങ്ങി ഭാഷ മരണത്തിലേക്ക് നീങ്ങുന്ന അവസ്ഥയുണ്ടാകും. ഇത് ഒഴിവാക്കുന്നതിന് നമ്മുടെ പൈതൃകമായ മാതൃഭാഷയെ സംരക്ഷിക്കുന്നതിനുള്ള ഊര്‍ജിത ശ്രമങ്ങള്‍ അനിവാര്യമാണ്. മലയാള ദിനത്തിലും ഭരണഭാഷാ വാരാഘോഷത്തിലും മാത്രമായി ഭാഷയുടെ പ്രാധാന്യം ഒതുക്കാതെ ഭാഷയുടെ വളര്‍ച്ചയ്ക്ക് സഹായകരമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാ മലയാളികളുടെയും ഭാഗത്തുനിന്നും ഉണ്ടാകണമെന്നും കളക്ടര്‍ പറഞ്ഞു.

എഡിഎം പി.റ്റി.എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍, അസിസ്റ്റന്റ് എഡിറ്റര്‍ പി.ആര്‍.സാബു, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.പി.ശ്രീഷ്, ഐ.ടി മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി.ഉഷാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു. ജീവനക്കാര്‍ക്കുള്ള കേട്ടെഴുത്ത്, ഫയലെഴുത്ത് മത്സരങ്ങള്‍ റിട്ട.ഡെപ്യൂട്ടി കളക്ടര്‍ വി.റ്റി.രാജന്‍ നയിച്ചു.  

ജീവനക്കാര്‍ക്കുള്ള കേട്ടെഴുത്ത് മത്സരം ജില്ലാ കളക്ടര്‍ നേരിട്ട് നടത്തി. 25 വാക്കുകളായിരുന്നു കേട്ടെഴുത്ത് മത്സരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. 21 മാര്‍ക്ക് നേടി കളക്ടറേറ്റിലെ സോണി സാംസണ്‍ ഡാനിയല്‍ ഒന്നാം സ്ഥാനം നേടി. 20 മാര്‍ക്ക് നേടിയ കളക്ടറേറ്റിലെ റിനി റോസ് തോമസിന് രണ്ടാം സ്ഥാനവും 19 മാര്‍ക്ക് വീതം നേടി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ഷെബി ഷാജഹാനും കളക്ടറേറ്റിലെ എം.ജി.ശ്രീകലയും മൂന്നാം സ്ഥാനവും നേടി. സാധാരണ ഉപയോഗിക്കാത്തതും ബുദ്ധിമുട്ടുള്ളതുമായ മലയാള പദങ്ങളായിരുന്നു കേട്ടെഴുത്തിന് തെരഞ്ഞെടുത്തതെങ്കിലും പങ്കെടുത്ത ജീവനക്കാരില്‍ ഭൂരിപക്ഷവും ശരാശരിക്കുമേല്‍ നിലവാരം പുലര്‍ത്തി. തുടര്‍ന്ന് നടന്ന ഫയലെഴുത്ത് മത്സരത്തില്‍ കളക്ടറേറ്റിലെ റിനി റോസ് തോമസ് 20ല്‍ 18 മാര്‍ക്കോടെ ഒന്നാം സ്ഥാനവും കളക്ടറേറ്റിലെ ലേഖ കെ.എസ്. 17.5 മാര്‍ക്കോടെ രണ്ടാം സ്ഥാനവും 17 മാര്‍ക്കോടെ കളക്ടറേറ്റിലെ തന്നെ ജൂനിയര്‍ സൂപ്രണ്ട് സി.ജി.എല്‍ ഷിലിന്‍, എ. റജീന എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. 

ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നജില്ലയില്‍ നവംബര്‍ ഒന്നു മുതല്‍ നടന്നുവരുന്ന വിവിധ പരിപാടികള്‍ ഏഴിന് സമാപിക്കും. 

                                                     (പിഎന്‍പി 3577/18)

date