Skip to main content

പ്രളയത്തില്‍ റേഷന്‍കാര്‍ഡുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കൂടുതല്‍  വേഗത്തില്‍ കാര്‍ഡ് ലഭ്യമാക്കണം - താലൂക്ക് വികസന സമിതി

 

പ്രളയത്തില്‍ റേഷന്‍ കാര്‍ഡുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കൂടുതല്‍ വേഗത്തില്‍ കാര്‍ഡുകള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. പ്രളയവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ദുരിതബാധിതര്‍ക്ക് അടിയന്തരമായി ലഭിക്കുന്നതിന് റേഷന്‍ കാര്‍ഡുകള്‍ അത്യാവശ്യമായതിനാല്‍ ഇക്കാര്യത്തില്‍ അപേക്ഷിച്ച ദിവസം തന്നെ കാര്‍ഡുകള്‍ നല്‍കുന്നതിന് കഴിയണമെന്ന് സമിതി ആവശ്യപ്പെട്ടു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി.സത്യനാണ് ഈ വിഷയം സമിതിയില്‍ ഉന്നയിച്ചത്. നാരങ്ങാനം പഞ്ചായത്തിലെ കടമ്മനിട്ട ഭാഗത്തേക്ക് ബസ് സര്‍വീസുകള്‍ ഇല്ലാത്തത് രൂക്ഷമായ യാത്രാക്ലേശം ഉണ്ടാക്കുന്നതിനാല്‍ ഇവിടേക്ക് ബസ് സര്‍വീസ് ആരംഭിക്കുന്നതിന് അടിയന്തര നടപടി ഉണ്ടാകണമെന്ന് നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരന്‍ ആവശ്യപ്പെട്ടു. പ്രളയത്തില്‍ മുങ്ങിപ്പോയ ആറന്മുളയിലെ മാവേലിസ്റ്റോര്‍ ഉടന്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നും ആറന്മുള-ചെങ്ങന്നൂര്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ആറന്മുള പഞ്ചായത്ത് വൈസ്പ്രസിഡന്റ് പ്രസാദ് വേരുങ്കല്‍ ആവശ്യപ്പെട്ടു. പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന് സമീപമുള്ള ബസ് സ്റ്റോപ്പ് ഗതാഗതക്കുരുക്കിന് കാരണമാകുന്നതിനാല്‍ നിര്‍ത്തലാക്കണമെന്ന് റ്റിറ്റി ജോണ്‍സ് കച്ചിറ ആവശ്യപ്പെട്ടു. ഭക്ഷണ പദാര്‍ഥങ്ങള്‍ പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് നല്‍കുന്നത് നിരോധിക്കണമെന്നും നഗരത്തിലെ തെരുവുവിളക്കുകള്‍ ഉടന്‍ പ്രകാശിപ്പിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. തഹസീല്‍ദാര്‍ ബി.ജേ്യാതി, ഡപ്യൂട്ടി തഹസീല്‍ദാര്‍ സി.ഗംഗാധരന്‍ തമ്പി, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                           (പിഎന്‍പി 3584/18)

date