Skip to main content

വൈദ്യുതി മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കണം: കെ.ജെ മാക്‌സി എംഎല്‍എ

 

കൊച്ചി: സംസ്ഥാനം വൈദ്യുതി മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കണമെന്ന് കെ.ജെ മാക്‌സി എംഎല്‍എ. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തില്‍ സ്ഥാപിച്ച സൗരോര്‍ജ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എസ് പീതാംബരന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ സൗരോര്‍ജ യൂണിറ്റിലൂടെ കെഎസ്ഇബിക്കും ലാഭമുണ്ടാവുകയാണ്. വൈദ്യുതി ഉപഭോഗം തടസമില്ലാതെ മുന്നോട്ട് പോകുന്നതിന് ഇന്ന് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണ്. സോളാര്‍ പാനലുകളിലൂടെ നഷ്ടമില്ലാതെ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കും. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഈ മാര്‍ഗം പിന്തുടരണമെന്നും എംഎല്‍എ പറഞ്ഞു.

 

ഊര്‍ജ പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തില്‍ ബ്ലോക്ക് പഞ്ചായത്തിന് ആവശ്യമായ വൈദ്യുതി സ്വയം കണ്ടെത്തുക വഴി സാമൂഹ്യ പ്രതിബന്ധതയ്ക്ക് പുതിയ മാതൃകയാവുകയാണ് ഈ പദ്ധതി. ബ്ലോക്ക് പഞ്ചായത്തിന്റെ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് സൗരോര്‍ജ പദ്ധതികളാണ് വിഭാവനം ചെയ്തത്. ഒന്ന് പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിലും രണ്ടാമത്തേത് കുമ്പളം സി.എച്ച്.സി കെട്ടിടത്തിലുമാണ്. ബ്ലോക്ക് പഞ്ചായത്തിലേത് 15 കെ.വി പദ്ധതിയാണ്. ഗ്രിഡ് സിസ്റ്റത്തിലുള്ള പദ്ധതിയില്‍ 40 സോളാര്‍ പാനലുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പകല്‍ സമയത്ത് ഉത്പാദിപ്പിക്കുന്ന സൗരോര്‍ജം ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതിന് ശേഷം മിച്ചമുള്ളത് കെ.എസ്.ഇ.ബി യിലേക്ക് നല്‍കുന്ന രീതിയാണ് ഗ്രിഡ് സിസ്റ്റത്തിലൂടെ ഉദ്ദേശിക്കുന്നത്. 13,63,162 രൂപയാണ് പദ്ധതിയുടെ ചെലവ്. കുമ്പളത്തെ സൗരോര്‍ജ യൂണിറ്റ് ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമാണ്.

 

ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് പദ്ധതിക്ക് കീഴിലുള്ള ഒന്‍പത് വീടുകളുടെ പൂര്‍ത്തീകരണത്തിന് ധനസഹായം നല്‍കിയ കെ. ചിറ്റിലപ്പിളളി ഫൗണ്ടേഷനിലെ പ്രതിനിധിയായ ബെന്റ്‌ലി താടിക്കാരനെ ചടങ്ങില്‍ എംഎല്‍എ പൊന്നാട അണിയിച്ച് ആദരിച്ചു. ചെല്ലാനം പഞ്ചായത്തിലെ ബാലചന്ദ്രന്‍ വലിയവീട്ടില്‍, ബിന്ദു തമ്പി, ജാന്‍സി സെബ, ട്രീസ ബേബി, ഉഷ നാരായണന്‍, കുമ്പളം പഞ്ചായത്തിലെ ശാരദ കരുണാകരന്‍, രജനി സന്തോഷ്, കുമ്പളങ്ങി പഞ്ചായത്തിലെ അഞ്ജലി സാബു, സിമി ജേക്കബ് എന്നിവരുടെ വീടുകളാണ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹായത്തോടെ പൂര്‍ത്തിയാക്കിയത്. ഇതില്‍ ട്രീസ ബേബിയുടെ വീടിന്റെ താക്കോല്‍ ദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എസ് പീതാംബരന്‍ ട്രീസയുടെ മകന്‍ പീറ്റര്‍ ബ്ലേസിന് നല്‍കി നിര്‍വഹിച്ചു. കുമ്പളം പഞ്ചായത്തിലെ അടുത്ത 15 വീടുകളുടെ പൂര്‍ത്തീകരണത്തിനായി നല്‍കിയ അപേക്ഷയില്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എറണാകുളം ജില്ലയില്‍ 1200 ഓളം വീടുകളാണ് ഇത്തരത്തില്‍ പൂര്‍ത്തിയാക്കിയത്. പ്രളയത്തില്‍ തകര്‍ന്ന നൂറ് വീടുകള്‍ക്കും ഫൗണ്ടേഷന്‍ ധനസഹായം നല്‍കുന്നുണ്ട്.

 

ജില്ലാ പഞ്ചായത്ത് അംഗം അനിത ഷീലന്‍, കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ പുഷ്പി പൊന്നന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജീവ് ആന്റണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ നെല്‍സന്‍ കൊച്ചേരി, ഷൈലജ രാധാകൃഷ്ണന്‍, ലീല പദ്മദാസന്‍, സൗമ്യ സുബിന്‍, ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്യാമള വി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

date