Skip to main content

അന്ധകാരത്തോട് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

തൃപ്പൂണിത്തുറ: കോണോത്തുപുഴയെയും ചമ്പക്കര കനാലിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള അന്ധകാരത്തോടിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കിഫ്ബി ധനസഹായത്തോടെ 10 കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് നിര്‍വ്വഹിച്ചു.
    ജലാശയങ്ങളുടെ നിലവിലുള്ള അവസ്ഥ മാറണമെന്ന വികാരം പൊതുസമൂഹത്തില്‍ ശക്തമാണെന്ന് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. വരട്ടാര്‍ ഉള്‍പ്പെടെ മറഞ്ഞുപോയ പലനദികളും വീണ്ടെടുക്കാന്‍ സാധിച്ചത് ജനങ്ങളുടെ വലിയ സഹകരണം മൂലമാണ്. ജലസ്രോതസ്സുകള്‍ മലിനമാക്കുന്നത് ക്രിമിനല്‍കുറ്റമാണെന്ന് പറഞ്ഞ മന്ത്രി ജലാശയങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവ് ശിക്ഷ ഉറപ്പാക്കുന്നതാണ് നിയമമെന്നും ഓര്‍മിപ്പിച്ചു.ജലാശയങ്ങളിലേക്ക് മാലിന്യമെറിയുന്നവരോട് അരുതെന്നു പറയാന്‍ സമൂഹം തയ്യാറാകണം. 
നാട്ടില്‍ നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ധനസ്രോതസ്സ് കിഫ്ബി ആണ്. ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാത അടക്കം ടൂറിസം സാധ്യതകള്‍കൂടി മുന്നില്‍ കണ്ടാണ് അന്ധകാരത്തോട് നവീകരണ, സൗന്ദര്യവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ചൂണ്ടിയിലെ തടയണയും അനുബന്ധ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകുന്നതോടെ തൃപ്പൂണിത്തുറ മേഖലയിലെ ശുദ്ധജല ദൗര്‍ലഭ്യത്തിന് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു. ജലാശയങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള എം.എല്‍.എ എം. സ്വരാജിന്റെ പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുറത്തിറക്കിയ പ്രത്യേക സപ്ലിമെന്റിന്റെ പ്രകാശനം മന്ത്രി തൃപ്പൂണിത്തുറ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ചന്ദ്രികാദേവിക്ക് നല്‍കി നിര്‍വ്വഹിച്ചു. അന്ധകാരത്തോടുമായി ബന്ധപ്പെട്ട കോണോത്ത്പുഴ ഉള്‍പ്പെടെയുള്ള ജലാശയങ്ങളുടെ സംരക്ഷണത്തിനായുള്ള നിവേദനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ മന്ത്രിക്ക് സമര്‍പ്പിച്ചു.
ജലാശയങ്ങളുടെ സംരക്ഷണത്തിന് ജനങ്ങളുടെ ജാഗ്രത അനിവാര്യമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എം.എല്‍.എ എം. സ്വരാജ് പറഞ്ഞു. അന്ധകാരത്തോട് പൂര്‍വ്വകാല പ്രൗഢിയിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടത് കാലത്തിന്റെ ആവശ്യമാണ്. തോട് നവീകരിച്ച് പുതിയ പേരിട്ട് സംരക്ഷിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി. തൃപ്പൂണിത്തുറ നഗരസഭ കൗണ്‍സിലര്‍മാരായ വി.ആര്‍ വിജയകുമാര്‍, എ.വി ബൈജു, ശകുന്തള ജയകുമാര്‍, വള്ളി മുരളീധരന്‍, സി.എന്‍ സുന്ദരന്‍, ചീഫ് എഞ്ചിനീയര്‍ കെ.എ ജോഷി, കെ.ഐ.ഡി.സി മാനേജിംഗ് ഡയറക്ടര്‍ എസ്. രമ, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ വി. വി അജിത, പി. വാസുദേവന്‍, വിനോദ്, പി.വി ചന്ദ്രബോസ്, മനോജ് പെരുമ്പിള്ളി, യു. മധുസൂദനന്‍, ശശി വെള്ളക്കാട്ട് എന്നിവര്‍ സംസാരിച്ചു.

date