Skip to main content

പഴഞ്ചൊല്ലുകളുടെ വിരുന്നൊരുക്കി പഴമൊഴി മലയാളം 

പഴഞ്ചൊല്ലില്‍ പതിരില്ല എന്നെഴുതി തുടക്കമിട്ടത് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയനായിരുന്നു. പിന്നാലെ സബ് കളക്ടര്‍ ഡോ. എസ്. ചിത്ര കുറിച്ചു-ചൊട്ടയിലെ ശീലം ചുടലവരെ. മറ്റു വിശിഷ്ടാതിഥികളും ജീവനക്കാരും സന്ദര്‍ശകരുമെല്ലാം മത്സരിച്ചെഴുതിയപ്പോള്‍ കലക്‌ട്രേറ്റിനു മുന്നിലൊരുക്കിയ കാന്‍വാസ് പഴഞ്ചൊല്ലുകളുടെ കലവറയായി. 

 

   ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി നടത്തുന്ന ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ചാണ് പഴമൊഴി മലയാളം എന്ന പേരില്‍ പഴഞ്ചൊല്ലെഴുത്ത് പരിപാടി സംഘടിപ്പിച്ചത്. 

 

ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട, വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും,  ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം, കണ്ടാലറിയാത്തവന്‍ കൊണ്ടാലറിയും തുടങ്ങിയ പതിവു പഴഞ്ചൊല്ലുകള്‍ക്കിടയില്‍ തേങ്ങ പത്തരച്ചാലും താളല്ലേ കറി എന്ന ചോദ്യവും ഇന്നു ഞാന്‍ നാളെ നീ എന്ന മുന്നറിയിപ്പുമൊക്കെ ഇടംപിടിച്ചു. ഗൂഗിളിന്റെ സഹായത്തോടെ പഴഞ്ചൊല്ലുകള്‍ കണ്ടുപിടിച്ച് എഴുതിയവരുമുണ്ടായിരുന്നു.

 

ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പി. കെ. ഗോപന്‍ അധ്യക്ഷനായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, കൊട്ടരക്കരയിലെ കില എസ്.ഐ.ആര്‍.ഡി പ്രിന്‍സിപ്പല്‍ ജി. കൃഷ്ണകുമാര്‍ കളക്‌ട്രേറ്റ് സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ജി. രാജു, ജൂണിയര്‍ സൂപ്രണ്ടുമാരായ എം. അന്‍സര്‍, എ. ജോണ്‍സണ്‍, ആര്‍.ബാബുരാജ്, എ. ബര്‍ണഡിന്‍  തുടങ്ങിയവര്‍ സന്നിഹിതരായി. 

date