Skip to main content

തൊഴിലാളികളുടെ ആരോഗ്യവും, സുരക്ഷയും ഉറപ്പുവരുത്താന്‍ ഫാക്ടറി നിയമത്തില്‍ ഭേദഗതി സര്‍ക്കാര്‍ പരിഗണനയില്‍ :  മന്ത്രി ടി.പി.രാമകൃഷ്ണന്‍

 

തൊഴിലാളികളുടെ ആരോഗ്യവും, സുരക്ഷയും ഉറപ്പുവരുത്തുന്ന വിധത്തില്‍ ഫാക്ടറി നിയമത്തില്‍  ഭേദഗതി വരുത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. പരിശോധനാ സംവിധാനം ആധുനിക വത്കരിക്കുന്നതിന്റെ ഭാഗമായി വെബ് സൈറ്റ് അധിഷ്ഠിത സംവിധാനം നിലവില്‍ വന്നിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കായി  തിരുവനന്തപുരത്ത് തൈക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച ആരോഗ്യ സുരക്ഷിതത്വ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

തൊഴില്‍ ശാലകളിലെ അപകടങ്ങളും, തൊഴില്‍ ജന്യ രോഗങ്ങളും  വര്‍ധിച്ചുവരുന്ന സാഹചര്യമാണുള്ളത്. തൊഴിലാളികളുടെ ആരോഗ്യവും, സുരക്ഷയും വ്യവസായ ശാലകളുടെ പരിസരങ്ങളില്‍ കഴിയുന്ന ജനങ്ങളുടെ സംരക്ഷണവും ഉറപ്പ് വരുത്താന്‍  സംസ്ഥാന സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തുന്നുണ്ട്.  ഫാക്ടറികളിലെ സുരക്ഷിതത്വം മുഖ്യമായും ഉടമകളുടെയും ബന്ധപ്പെട്ട അധികൃതരുടെയും  ഉത്തരവാദിത്വമാണ്. തന്റെ സ്ഥാപനത്തിലെ തൊഴിലാളികളുടെ ജീവന്‍ സുരക്ഷിതമായിരിക്കുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതലും, ജാഗ്രതയും ഉടമകളുടെ ഭാഗത്തുനിന്നുണ്ടാകണം. കെട്ടിടങ്ങളുടെയും, യന്ത്രങ്ങളുടെയും സുരക്ഷിതത്വവും ഉറപ്പുവരുത്തണം. പരിസരവാസികളായ ജനങ്ങളുടെ ജീവനും, സ്വത്തും തന്റെ സ്ഥാപനങ്ങള്‍  മൂലം അപകടത്തില്‍െപ്പടില്ലെന്ന് ഉറപ്പാക്കാനും ഉടമകള്‍ക്ക് ബാധ്യതയുണ്ട്. തൊഴിലുടമകള്‍ നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള ചുമതല ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പില്‍ നിക്ഷിപ്തമാണെന്നും മന്ത്രി വ്യക്തമാക്കി. 

കേരളത്തിലെ വ്യവസായ - തൊഴില്‍ സ്ഥാപനങ്ങളുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ വകുപ്പില്‍ ഉദ്യോഗസ്ഥരുടെ കുറവുണ്ട്. ഇത് പരിഹരിക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. അതേ സമയം സ്ഥാപനങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടോയെന്നും, ഫാക്ടറി നിയമം പാലിക്കുന്നുണ്ടോയെന്നും ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണം. ഇതു സംബന്ധിച്ച പരിശോധനകള്‍ കര്‍ശനമാക്കണം. എന്നാല്‍ പരിശോധനയുടെ പേരില്‍ ഉടമകളെയും, തൊഴിലാളികളെയും പീഡിപ്പിക്കുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.

  നിയമം അനുശാസിക്കുന്ന സുരക്ഷാസംവിധാനങ്ങളും അനുബന്ധ സൗകര്യങ്ങളും  എല്ലാ വ്യവസായ സ്ഥാപനങ്ങളിലും ഉണ്ടെന്ന് ഉറപ്പുവരുത്താന്‍  സമയബന്ധിതമായ നടപടി സ്വീകരിക്കണം. ഉദ്യോഗസ്ഥ തലത്തിലുള്ള പരിശോധനകൊണ്ടുമാത്രം ഇത് പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ല. എല്ലാ വ്യവസായ ശാലകളിലെയും തൊഴില്‍ സ്ഥാപനങ്ങളിലെയും സാഹചര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാന്‍ കഴിയുന്ന സാഹചര്യം ഒരുക്കുന്നതിന് ട്രേഡ് യൂണിയനുകളും തൊഴിലാളികളും രംഗത്തുവരണം. ഫാക്ടറിക്കുള്ളിലെ സുരക്ഷക്കൊപ്പം അപ്രതീക്ഷിതമായുണ്ടാകുന്ന അത്യാഹിതങ്ങള്‍ പരിസരങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് അപകടം വരുത്താതിരിക്കാനുള്ള തയ്യാറെടുപ്പുകളും ഉണ്ടാകണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.   

ആധുനിക സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്‌ക്കൊപ്പം തന്നെ തൊഴിലാളികള്‍ കടുത്ത ആരോഗ്യ സുരക്ഷാ ഭീഷണികള്‍ നേരിടേണ്ടിവരുന്നു. പരമ്പരാഗത വ്യവസായ രംഗത്തും തൊഴില്‍ജന്യ രോഗങ്ങളുടെ ഭീഷണി നിലവിലുണ്ട്. വിവിധ രാസവസ്തുക്കള്‍ വേണ്ടത്ര മുന്‍കരുതല്‍ ഇല്ലാതെ കൈകാര്യം ചെയ്യുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതേക്കുറിച്ചെല്ലാം ബോധവത്കരണം നടത്തി മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ തൊഴിലാളികളെ പ്രാപ്തരാക്കുന്നതിന് തൊഴിലാളിസംഘടനകള്‍ മുന്‍ഗണന നല്‍കണം. സര്‍ക്കാര്‍ അധികാരമേറ്റ ശേഷം തൊഴിലാളികളുടെയും, തൊഴിലിടങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്  തുടര്‍ച്ചയായ നടപടി സ്വീകരിച്ചുവരികയാണ്. കശുവണ്ടി, കയര്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത മേഖലകളില്‍ ഇ എസ് ഐയുമായി ചേര്‍ന്ന് തൊഴില്‍ ജന്യ രോഗങ്ങളുമായി ബന്ധപ്പെട്ട ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്്. തൊഴില്‍ ജന്യ രോഗങ്ങളെ കുറിച്ച് പഠനം നടത്താനായി കൂടുതല്‍ മേഖലകളില്‍ ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

കേരളം തൊഴില്‍ സൗഹൃദ - നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ അന്തരീക്ഷം പ്രോത്സാഹിപ്പിക്കാന്‍ തൊഴിലാളികളും ട്രേഡ് യൂണിയനുകളും, തൊഴിലുടമകളും കൈകോര്‍ക്കണം. തൊഴിലാളിക്ഷേമ നടപടികളിലും തൊഴിലാളികളുടെ ആരോഗ്യവും സാമൂഹ്യസുരക്ഷയും ഉറപ്പുവരുത്തുന്നതിലും രാജ്യത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന മിനിമം വേതനം നിലവിലുള്ള സംസ്ഥാനവും കേരളമാണ്. സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 26 മേഖലകളില്‍ മിനിമം വേതനം പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. കാലാവധി അവസാനിച്ച മേഖലകളിലെല്ലാം മിനിമം വേതനം പുതുക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.  

അപകടരഹിതവും രോഗ വിമുക്തവുമായ തൊഴിലിടങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ മേഖലകളില്‍  ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണം. ഇക്കാര്യത്തില്‍ കിലെയുടെ സേവനവും പ്രയോജനപ്പെടുത്തണം. ട്രേഡ് യൂണിയനുകളുടെ ഇടപെടല്‍ ഈ രംഗത്ത് നല്ലമാറ്റത്തിന് വഴിയൊരുക്കുമെന്നതാണ് കേരളത്തിന്റെ അനുഭവം. തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷിതത്വം, ജോലിസ്ഥലത്തെ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കി സംതൃപ്തമായ തൊഴില്‍ മേഖല സൃഷ്ടിക്കാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും  മന്ത്രി പറഞ്ഞു. 

ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് ഡയറക്ടര്‍ പി.പ്രമോദ് അധ്യക്ഷനായിരുന്നു. വി.ആര്‍.പ്രതാപന്‍ (ഐഎന്‍ടിയുസി), മീനാങ്കല്‍ കുമാര്‍ (എഐടിയുസി), കെ.ജയകുമാര്‍ (ബിഎംഎസ്), കെ.എസ്.സനല്‍കുമാര്‍ (യുടിയുസി), പനവൂര്‍ ഹസനാര്‍ ആശാന്‍ (എസ്ടിയു), ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് ജോയിന്റ് ഡയറക്ടര്‍ കെ.ജയചന്ദ്രന്‍, ഇന്‍സ്പെക്ടര്‍ എന്‍.ജെ.മുനീര്‍ എന്നിവര്‍ പ്രസംഗിച്ചു.

പി.എന്‍.എക്‌സ്.4946/18

date