Skip to main content
ജില്ലാ പി എസ് സി ഓഫീസിന് കട്ടപ്പന നഗരസഭ സൗജന്യമായി നല്കിയ സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖ നഗരസഭാധ്യക്ഷന്‍ അഡ്വ.  മനോജ് എം.തോമസ് പി എസ് സി അംഗം പ്രൊഫ. ലോപ്പസ് മാത്യുവിന് കൈമാറുന്നു

കട്ടപ്പന നഗരസഭ ജില്ലാ പി എസ് സി ഓഫീസിന് സ്ഥലം കൈമാറി കേരള അഡ്മിനിട്രേറ്റീവ് സര്‍വീസ് വിജ്ഞാപന നടപടികള്‍  ഒരു മാസത്തിനകം : പി എസ് സി ചെയര്‍മാന്‍. 

 

 

കേരള അഡ്മിനിട്രേറ്റീവ് സര്‍വീസിലേക്കുള്ള വിജ്ഞാപന നടപടികള്‍ ഒരു മാസത്തിനകം ആരംഭിക്കുമെന്ന് പി എസ് സി ചെയര്‍മാന്‍ അഡ്വ.എം.കെ.സക്കീര്‍.  പി എസ് സി ഇടുക്കി ജില്ലാ ഓഫീസിനായി കട്ടപ്പന നഗരസഭ സൗജന്യമായി വിട്ടു നല്കിയ സ്ഥലത്തിന്റെ ഉടമസ്ഥരേഖ കൈമാറ്റത്തിന്റെ  ഭാഗമായി കട്ടപ്പന നഗരസഭാ ഹാളില്‍ നടന്ന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷോപലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉന്നത ജോലിക്ക് നല്ല അവസരം ലഭ്യമാകുന്ന ഓള്‍ ഇന്ത്യ സര്‍വ്വീസ് പരീക്ഷയ്ക്ക് സമാനമായ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് കേരളം രൂപീകരിച്ച ശേഷം ആദ്യമായിട്ടാണ് ആരംഭിക്കുന്നത്. കട്ടപ്പനയുടെ ഹൃദയഭാഗത്ത്  പി എസ് സിക്ക് സൗജന്യമായി സ്ഥലം വിട്ടു നല്കിയതിലൂടെ കട്ടപ്പന നഗരസഭ ഉദാത്ത മാതൃകയാണ് കാഴ്ചവച്ചിരിക്കുന്നത്. ഈ സ്ഥലത്ത് ഓണ്‍ലൈന്‍ പരീക്ഷ നടത്താവുന്ന വിധത്തിലുള്ള അത്യാധുനിക സജ്ജീകരണങ്ങളോടെ ഉദ്യോഗാര്‍ത്ഥി സൗഹൃദമായ കെട്ടിടം നിര്‍മ്മിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. പ്രകൃതിദുരന്താഘാതങ്ങള്‍ അതിജീവിച്ച് ജില്ലയിലെ യുവജനങ്ങള്‍ സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നം സാക്ഷാത്ക്കരിക്കുവാന്‍ പ്രയത്‌നിക്കണമെന്നും പരീക്ഷകളില്‍ ഉന്നത റാങ്കുകള്‍ നേടി ഉദ്യോഗങ്ങളില്‍ ഇടുക്കിയുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

നഗരസഭാ ചെയര്‍മാന്‍ മനോജ് എം.തോമസ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശരേഖ  പി എസ് സി അംഗം പ്രൊഫ ലോപ്പസ് മാത്യവിന് കൈമാറി. കട്ടപ്പന അമ്പലകവലയ്ക്കു സമീപം ഗ്രൗണ്ട് റോഡ് സൗകര്യങ്ങളുള്ള അരക്കോടിയിലേറെ രൂപ വിലമതിക്കുന്ന 20 സെന്റ് സ്ഥലമാണ് നഗരസഭ പി എസ് സി ക്ക് വിട്ട് നല്കിയത്. നിര്‍ദ്ദിഷ്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസ് ഓഫീസ് കെട്ടിടങ്ങളും ഇതിനോടു ചേര്‍ന്നാണ് വരുന്നത് . നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് മാറിയും എന്നാല്‍ നഗരത്തോടു ചേര്‍ന്നുള്ളതുമായ സ്ഥലത്ത് ഇന്റര്‍വ്യു ഹാള്‍, വേരിഫിക്കേഷന്‍ ഹാള്‍, പരീക്ഷകള്‍ക്കുതകും വിധത്തിലുള്ള വിവിധോദ്ദേശ്യ ഹാള്‍, ഓഫീസിലെത്തുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള ക്രമീകരണങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി പി എസ് സി  കെട്ടിടം നിര്‍മ്മിച്ച് പ്രവര്‍ത്തനമാരംഭിക്കുന്നത് ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രയോജനപ്രദമാകും. 1984 പകുതിയോടെ കട്ടപ്പന ആസ്ഥാനമായി ആരംഭിച്ച ജില്ലാ പി എസ് സി ഓഫീസ് പല കെട്ടിടങ്ങളിലായാണ് പ്രവര്‍ത്തിച്ചു വന്നിരുന്നത്. 2003 സെപ്തംബര്‍ മുതല്‍ കട്ടപ്പന ടൗണിലുള്ള ഹൗസിംഗ് ബോര്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സിന്റെ അഞ്ചാം നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഓഫീസിന് ഏകദേശം 90,000  രൂപ വാടകയിനത്തില്‍ പ്രതിമാസം വേണ്ടിവരുന്നു. സ്വന്തമായി ലഭിച്ച സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കുന്നതോടെ ഈ ബാധ്യത ഒഴിവാക്കാനാകും. ഉദ്ഘാടന യോഗത്തില്‍ കട്ടപ്പന നഗരസഭാധ്യക്ഷന്‍ അഡ്വ.മനോജ് എം.തോമസ് സ്വാഗതമാശംസിച്ചു. ജില്ലാ ആഫീസര്‍ ഷെറീദ ബീഗം ഐ.ആര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. പി എസ് സി അംഗം പി.കെ.വിജയകുമാര്‍, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ രാജമ്മ രാജന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ജോയി വെട്ടിക്കുഴി, ലീലാമ്മ ഗോപിനാഥ്, ബെന്നി കല്ലൂപുരയിടം, കേരള പി എസ് സി സെക്രട്ടറി സാജു ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. നഗരസഭാ കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് പി എസ് സി ചെയര്‍മാനും അംഗങ്ങളും ഉദ്യോഗസ്ഥരും പി എസ് സി ക്ക് വിട്ടുകിട്ടിയ സ്ഥലം സന്ദര്‍ശിച്ചു.

date