Skip to main content

കരുവന്‍പൊയില്‍ സ്‌കൂളില്‍ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു 

 

കരുവന്‍പൊയില്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, യുപി സ്‌കൂള്‍ എന്നിവിടങ്ങളിലെ പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു. പ്രതിഭാശാലികളെ വാര്‍ത്തെടുക്കുന്നതിന് മികച്ച രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ഇതിനാവശ്യമായ തരത്തില്‍ കാലോചിതമായ പരിഷ്‌കാരങ്ങളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാനപൊതു വിദ്യാഭ്യാസ വകുപ്പ് 2017-18 അടിസ്ഥാന സൗകര്യവികസനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരുകോടി ചെലവഴിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെയും എസ്എസ്എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന രണ്ട് ക്ലാസ് മുറികളുടെയും കാരാട്ട് റസാഖ് എംഎല്‍എ അനുവദിച്ച മൂന്ന് ക്ലാസ് മുറികളുടെയും ശിലാസ്ഥാപനമാണ് ചടങ്ങില്‍ നടന്നത്. മുന്‍ എംഎല്‍എയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെയും വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ഹൈ-ടെക് ക്ലാസ് മുറികള്‍, കമ്പ്യൂട്ടര്‍ലാബ്, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്മാര്‍ട്ട് ക്ലാസ് മുറികള്‍, കെ-ഡാറ്റ് എന്നിവയുടെ ഉദ്ഘാടനവുമാണ് മന്ത്രി നിര്‍വഹിച്ചത്.  പാരാ ഏഷ്യന്‍ ഗെയിംസ് ചെസ് മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി വെള്ളി മെഡല്‍ നേടിയ മുഹമ്മദ് സാലിഹിനെ ഉപഹാരം നല്‍കി അനുമോദിച്ചു.  പ്ലസ്ടു, എസ്എസ്എല്‍സി ഉന്നത വിജയികളെയും ചടങ്ങില്‍ അനുമോദിച്ചു.

കാരാട്ട് റസാക്ക് എംഎല്‍എ അധ്യക്ഷത വഹിച്ചു. പി ടി എ റഹിം എംഎല്‍എ മുഖ്യാഥിതിയായി. മുന്‍ എംഎല്‍എ വി എം ഉമ്മര്‍ മാസ്റ്റര്‍, കൊടുവള്ളി നഗരസഭ ചെയര്‍പേഴ്സണ്‍ ഷരീഫ കണ്ണാടിപ്പൊയില്‍, വൈസ് ചെയര്‍മാന്‍ എ പി മജീദ് മാസ്റ്റര്‍, നരഗസഭ കൗണ്സിലര്‍മാരായ പി കാദര്‍മാസ്റ്റര്‍, രജിഷ തമീം, എസഎസ്ജി ചെയര്‍മാന്‍ ടി പി സി മുഹമ്മദ് മാസ്റ്റര്‍, ഒ പി റഷീദ്, കൊടുവള്ളി എഇഒ വി മുരളികൃഷ്ണന്‍, എം പി മൂസ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭ കൗണ്‍സിലര്‍ വായോളി മുഹമ്മദ് മാസ്റ്റര്‍ സ്വാഗതവും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി ജിജി നന്ദിയും പറഞ്ഞു.  

 

date