Skip to main content

കൈപ്പമംഗലം മാതൃകയില്‍ പ്ലാസ്റ്റിക്‌ കുപ്പി വില്‌പന  ഇനി സംസ്ഥാനത്തെ സ്‌കൂളുകളിലേക്കും

കൈപ്പമംഗലം നിയോജക മണ്‌ഡലത്തിലെ 80 സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച പ്ലാസ്റ്റിക്‌ കുപ്പികള്‍ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കിയതുപോലെയുള്ള മാതൃകാപ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും നടപ്പാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഒരുങ്ങുന്നു. നവംബര്‍ 15 മുതല്‍ 23 വരെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും കൈപ്പമംഗലം മാതൃകയില്‍ കുട്ടികളുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക്‌ കുപ്പികള്‍ ശേഖരിക്കും. പഠനത്തെ ബാധിക്കാത്ത തരത്തിലായിരിക്കും ശേഖരണം. 
കൈപ്പമംഗലം നിയോജക മണ്‌ഡലത്തിലേതു പോലെ ശേഖരിച്ച പ്ലാസ്റ്റിക്‌ കുപ്പികള്‍ നവംബര്‍ 24 ന്‌ കേരള സ്‌ക്രാപ്പ്‌ മര്‍ച്ചന്റ്‌ അസോസിയേഷനു നല്‍കി പണം സ്വീകരിക്കും. കൈപ്പമംഗലം നിയോജക മണ്‌ഡലത്തില്‍ ഒരു ലക്ഷത്തോളം കുപ്പികളാണ്‌ കുട്ടികള്‍ പ്രളയത്തെ തുടര്‍ന്ന്‌ ശേഖരിച്ചു വിറ്റത്‌. ഇതില്‍ നിന്നും 45,000 രൂപ ലഭിക്കുകയും ചെയ്‌തു. ഈ തുക കുട്ടികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പ്രളയാക്ഷരങ്ങള്‍ എന്ന പുസ്‌തകം വാങ്ങാനുമാണ്‌ മാറ്റിവച്ചത്‌. 
കൈപ്പമംഗലം മാതൃകയില്‍ എല്ലാ സ്‌കൂളുകളിലും ഈ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ഏകോപിപ്പിച്ചു നടത്തുന്നതിന്‌ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഉപ ജില്ല വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. വിദ്യാഭ്യാസ ഉപ ഡയറക്‌ടര്‍മാര്‍ക്കാണ്‌ പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടമെന്നും പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ അറിയിച്ചു.

date