Skip to main content

`വഫ' ലോക പുരസ്‌കാരം  തൃശൂര്‍ മഴപ്പൊലിമ ഏറ്റുവാങ്ങി

ഡെന്മാര്‍ക്ക്‌ കേന്ദ്രമായുളള വാട്ടര്‍-എയര്‍-ഫുഡ്‌ (വഫ) നല്‍കുന്ന 2018 ലെ ലോക പുരസ്‌കാരം ജല വിഭാഗത്തില്‍ തൃശൂര്‍ മഴപ്പൊലിമ ഏറ്റുവാങ്ങി. കളക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍നടന്ന ചടങ്ങില്‍ വഫ ചീഫ്‌ കോര്‍പ്പറേറ്റ്‌ ഓഫീസര്‍ ഡോ. സ്‌നേഹ സിങില്‍ നിന്ന്‌ ജില്ലാ കളക്‌ടര്‍ ടി.വി. അനുപമ അവാര്‍ഡ്‌ ഏറ്റുവാങ്ങി. ജില്ലയിലെ സ്‌കൂളുകള്‍, പോലീസ്‌ സ്റ്റേഷനുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ മികച്ച രീതിയില്‍ മഴവെള്ള സംഭരണം കാണാന്‍ കഴിഞ്ഞതായി ഡോ. സ്‌നേഹ സിങ്‌ അഭിപ്രായപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ ഇതില്‍ പൂര്‍ണ പങ്കാളിത്തം ഉറപ്പാക്കാന്‍ ഇനിയും സാധിക്കണം. ജലസംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങള്‍ മനസ്സിലാക്കി തുടങ്ങിയത്‌ കേരളം പോലൊരു സംസ്ഥാനത്തിന്‌ വലിയ ഗുണം ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മഴപ്പൊലിമ പോലുള്ള പദ്ധതികളെ ഇനിയും നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുവാന്‍ ജില്ലയ്‌ക്ക്‌ കഴിയുമെന്ന്‌ ജില്ലാ കളക്‌ടര്‍ ടി.വി. അനുപമ പറഞ്ഞു. നമ്മുടെ ജലസ്രോതസ്സുകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ജനങ്ങളെ കൂടുതല്‍ ബോധവത്‌ക്കരിക്കാന്‍ ഏവരും തയ്യാറാകണമെന്നും കളക്‌ടര്‍ നിര്‍ദ്ദേശിച്ചു. 
മേയര്‍ അജിത ജയരാജന്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മേരിതോമസ്‌, ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷരായ എം. പത്മിനി, ജെന്നി ജോസഫ്‌, മുന്‍ ജില്ലാ കളക്‌ടര്‍ പി.എം. ഫ്രാന്‍സിസ്‌, മഴപ്പൊലിമ ജില്ലാ സെക്രട്ടറി ജോസ്‌ റാഫേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
മഴവെളള സംരക്ഷണ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ കിണര്‍ പരിപോഷണ പദ്ധതിയായ മഴപ്പൊലിമ 2008 ലാണ്‌ ജില്ലയില്‍ ആരംഭിച്ചത്‌. പ്രതിവര്‍ഷം 8000 ത്തിലധികം കിണറുകള്‍ റീച്ചാര്‍ജ്ജ്‌ ചെയ്യുന്ന തരത്തിലേക്ക്‌ ഉയര്‍ന്ന ജില്ലയിലെ മഴപ്പൊലിമ പദ്ധതി സംസ്ഥാനത്തു തന്നെ മികച്ച പ്രവര്‍ത്തനങ്ങളാണ്‌ നടപ്പിലാക്കി വരുന്നത്‌. തൃശൂരില്‍ ജില്ലാഭരണകൂടം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെയാണ്‌ പദ്ധതി മുന്നോട്ടുപോകുന്നത്‌. ജില്ലയിലും കേരളത്തിലുമായി മുപ്പതിനായിരത്തിലധികം കുടുംബങ്ങള്‍ക്ക്‌ നേരിട്ടും ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക്‌ പരോക്ഷമായും കുടിവെളളം ലഭ്യമാക്കിയ മഴവെളള സംരക്ഷണ പദ്ധതികൂടിയാണ്‌ മഴപ്പൊലിമ.

date