Skip to main content

പ്രളയക്കാലത്ത് ജില്ലയിലെ യുവാക്കളുടെ ഇടപ്പെടല്‍ മാതൃകാപരം -ജില്ലാ കലക്ടര്‍

 

പ്രളയ കാലത്ത് ജില്ലയിലെ യുവാക്കളുടെ ഇടപെടലുകള്‍ മാതൃകാപരമായിരുന്നു വെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ പറഞ്ഞു.  ക്ലബുകളും സംഘടനകളും എല്ലാ മേഖലകളിലും ഇറങ്ങി സാധാരണകാര്‍ക്ക് വേണ്ടി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. പൊലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ വകുപ്പുകള്‍ ഇവരുടെ സേവനം ഫലപ്രദമായി ഉപയോഗിച്ചു.   ജില്ലയിലെ യുവാക്കളുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന് തന്നെ മാതൃകയായിമാറി.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ മിക്ക ക്ലബുകളും ഉദാരമായി സംഭാവനകള്‍ നല്‍കിയെന്നും കലക്ടര്‍ പറഞ്ഞു.  നെഹ്‌റു യുവകേന്ദ്രയുടെ സ്ഥാപന ദിവസത്തിന്റെ ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
      മികച്ച യൂത്ത് ക്ലബിനുള്ള നെഹ്രു യുവ കേന്ദ്രയുടെ ജില്ലാതല പുരസ്‌ക്കാരം വാണിയന്നൂര്‍ ഷൈന്‍ ആര്‍ട്ട്‌സ് & സ്‌പോര്‍ട്ട്‌സ് ക്ലബിന് കലക്ടര്‍ നല്‍കി. പള്ളിമുക്ക് ബുമാക്‌സ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബിനുള്ള പ്രത്യേക പുരസ്‌ക്കാരവും കലക്ടര്‍ സമ്മാനിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് പറമ്പില്‍ പീടിക സിറ്റി ബോയ്‌സ് & ആര്‍ട്ട്‌സ് ക്ലബ് സമാഹരിച്ച 25000 രൂപയുടെ ഡ്രാഫ്റ്റ് ക്ലബ് പ്രതിനിധി ജില്ലാ കലക്ടറെ ഏല്‍പ്പിച്ചു. പട്ടിക്കാട് ഡിഫന്‍സ് ക്ലബില്‍ നടത്തിയ തൊഴില്‍ പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു.
കളക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സക്കീന പുല്‍പ്പാടന്‍ അദ്ധ്യക്ഷയായി. തുടര്‍ന്ന് സിവില്‍ പോലീസ് ഓഫീസര്‍ വി.ജെ ഫിലിപ്പ് പ്രകാശം പരത്തുന്ന കൗമാരം എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു.
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. സലീന ടീച്ചര്‍, ജില്ലാ യൂത്ത് കോഡിനേറ്റര്‍ കെ. കുഞ്ഞഹമ്മദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.അയ്യപ്പന്‍, മലപ്പുറംഗവ: കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ മൊയ്തീന്‍ കുട്ടി കല്ലറ, പി. അസ്മാബി, ഷൈന്‍ ക്ലബ് ട്രഷറര്‍ പി.സാബിത് തുടങ്ങിയവര്‍ സംസാരിച്ചു.

 

date