Skip to main content

ബാല സംരക്ഷണം- ചൈല്‍ഡ് ലൈന്‍ ബോധവല്‍ക്കരണ പരിപാടികള്‍ക്കു തുടക്കമായി

ബാലാവകാശ സംരക്ഷണ സന്ദേശങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിനായി ചൈല്‍ഡ് ലൈന്‍ സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പരിപാടികള്‍ക്കു തുടക്കമായി. നവംബര്‍ 14 മുതല്‍ 20 വരെ നടക്കുന്ന വിവിധ  പരിപാടികളുടെ ജില്ലാ തല ഉല്‍ഘാടനം നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

പൊന്നാനി എം.ഇ.എസ്.എച്ച്.എസ് സ്‌കൂളില്‍  നടന്ന ചടങ്ങില്‍ പൊന്നാനി നഗരസഭ ചെയര്‍മാന്‍ സി.പി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടറുടെ വസതിയുടെ ചുറ്റുമതിലില്‍ രാമപുരം ജെംസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയ ബാല സംരക്ഷണ സന്ദേശങ്ങളടങ്ങിയ ചുമര്‍ചിത്രം ജില്ലാ കലക്ടര്‍ അമിത് മീണ ഉല്‍ഘാടനം ചെയ്തു. ജില്ലയിലെ വിവിധ നഗര കേന്ദ്രങ്ങളില്‍ ഇത്തരത്തില്‍ ചുമര്‍ ചിത്രങ്ങള്‍ ഒരുക്കുന്നുണ്ട്. ചൈല്‍ഡ്ലൈന്‍  പാവനാടക സംഘം പ്യൂപ്പ പപ്പെറ്റ്  തിയേറ്റര്‍  ജില്ലയിലെ വിവിധ സ്‌കൂളുകളില്‍  ബാല സംരക്ഷണ സന്ദേശങ്ങളില്‍ പാവ നാടകം അവതരിപ്പിച്ചു.
ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന്റെ സഹകരണത്തോടെ ജില്ലാ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പഞ്ചായത്തിലെ കുട്ടികള്‍ക്കുള്ള നീന്തല്‍ ആദ്യഘട്ട പരിശീലനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ഫയര്‍ ആന്‍ഡ്  റെസ്‌ക്യൂ ഓഫീസര്‍മാരായ ഇ.കെ. അബ്ദുള്‍ സലീം, എം.അബ്ദുള്‍ ഗഫൂര്‍,  എം.ടി.മുനവ്വിര്‍ സമാന്‍  തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മൂര്‍ക്കനാട് സുബലുസ്സലാം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യ ഘട്ട പരിശീലനം നല്‍കിയത്.               

date