Skip to main content

പഴമയിലേക്ക് ഒരു തിരിഞ്ഞു നടത്തം! ശിശുദിനാഘോഷങ്ങള്‍ വ്യത്യസ്ഥമാക്കി ഇടുക്കി പഴയരികണ്ടം സര്‍ക്കാര്‍ സ്‌കൂള്‍

 

ഇലകുമ്പിളില്‍ കോരിക്കഴിക്കാന്‍ ഇത്തിരി ഭക്ഷം വിളമ്പി പരസ്പരം സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും സന്ദേശങ്ങള്‍ പകര്‍ന്ന് ഒരു ശിശുദിനാഘോഷം. ഇടുക്കി പഴയരികണ്ടം സര്‍ക്കാര്‍ സ്‌കൂളില്‍ ശിശുദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കത് പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ പഴമയുടെ കാല്‍പാടുകളെ അനുസ്മരിക്കാനുള്ള ഒരിടമായിമാറി. സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും സ്‌കൂള്‍ പി റ്റി എയും ഒന്നിച്ച് കൈകോര്‍ത്തപ്പോള്‍ ജില്ലയിലെതന്നെ വ്യത്യസ്ഥമായ ശിശുദിന ആഘോഷമായി മാറി പഴയരികണ്ടം സ്‌കൂളിന്റേത്. ഇടുക്കിയുടെ കാര്‍ഷിക സംസ്‌ക്കരത്തിന്റെയും ഭക്ഷ്യവിഭവങ്ങളുടെയും, പുരാതനകാലത്ത് ഉപയോഗിച്ചിരുന്ന കാര്‍ഷിക വീട്ടുപകരണങ്ങളുടെയും പ്രദര്‍ശം ഒരുക്കിയാണ് കുട്ടികളുടെ ദിനം സ്‌കൂള്‍ ഗംഭീരമായി ആഘോഷിച്ചത്. ആധുനിക ലോകത്ത് വളര്‍ന്നു വരുന്ന വിദ്യാര്‍ത്ഥി സമൂഹത്തെ പഴമയുടെ വിലമതിക്കാനാത്ത വിസ്മൃതിയിലേക്ക് തിരികെയെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ്  ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതെന്ന് സ്‌കൂള്‍ എച്ച് എം  റെയ്സി ജോര്‍ജ് പറഞ്ഞു. പാരമ്പരാഗതമായി മനുഷ്യന്‍ തുടര്‍ന്നു വന്ന ജീവിത സാഹചര്യങ്ങളെയും ചരിത്രത്തെയും ഒരുപോലെ വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കാന്‍ സാധിച്ചതായി സ്‌കൂള്‍ പി റ്റി എ പ്രസിഡന്റ് അരുണ്‍മാത്യൂ പറഞ്ഞു.രണ്ടാഴ്ചയിലേറെയായി നടത്തിയ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് വര്‍ണ്ണാഭമായ ശിശുദിന പരിപാടി സ്‌കൂളില്‍ നടത്തിയത്. 1500 ലധികം  പ്രദര്‍ശന വസ്തുക്കള്‍ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെയാണ് ശേഖരിച്ചത്.  പരിപാടിയുടെ ഭാഗമായി ചന്ദ്രശേഖരന്‍,ശിവരാമന്‍നായര്‍,അഗസ്ത്യന്‍ എന്നീ മൂന്ന് കര്‍ഷകരെ ആദരിച്ചു. എഴുനൂറോളം വിദ്യാര്‍ത്ഥികളാണ്  ശിശുദിനാഘോഷങ്ങളില്‍ പങ്കെടുത്തത്.

 

കാര്‍ഷിക വിഭവങ്ങളും  ഉപകരണങ്ങളും പരിചയപ്പെട്ട് വിദ്യാര്‍ത്ഥികള്‍

 

ശിശുദിനാഘോഷങ്ങളുടെ ഭാഗമായി പഴയരികണ്ടം സര്‍ക്കാര്‍ സ്‌കൂളില്‍ ഒരുക്കിയ  കാര്‍ഷിക വിഭവങ്ങളും പുരാതനകാലത്തെ കാര്‍ഷിക ഉപകരണങ്ങളും പരിചയപ്പെട്ട് വിദ്യാര്‍ത്ഥികള്‍. സ്‌കൂളില്‍ ഒരുക്കിയ പ്രദര്‍ശന സ്റ്റാളില്‍ ഏറെ ശ്രദ്ധേയമായിരുന്നത് പഴമയുടെ കാര്‍ഷിക ഉപകരണങ്ങളായിരുന്നു.കലപ്പ, അളവുകൊട്ട,വാലന്‍കുട, ചെമ്പുകലം കല്‍ച്ചട്ടി,മീന്‍കൂട,ഇടങ്ങഴി മുളകൊണ്ട ് നിര്‍മ്മിച്ച തവി, മെഴുകതിരി സ്റ്റാന്റ്,കപ്പുകള്‍, ചിരട്ടതവി,ഈറ്റകൊണ്ട് നിര്‍മ്മിച്ച പുട്ടുകുറ്റി എന്നിവയും പ്രദര്‍ശന സ്റ്റാളുകളിലെ വേറിട്ട പ്രദര്‍ശന വസ്തുക്കളായിരുന്നു.കാര്‍ഷിക ഉല്‍പന്നങ്ങളായ മരചീനി, ആകശവെള്ളരി,വിവിധ ഇനം മുളകുകള്‍, മരത്തക്കാളി, മണിതക്കാളി തുടങ്ങിയവയും പ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.

 

 

വിദ്യാര്‍ത്ഥികള്‍ എത്തിച്ചത് നൂറോളം ഭക്ഷ്യ വിഭവങ്ങള്‍

 

വ്യത്യസ്ഥമായ ഭക്ഷ്യ വിഭവങ്ങളുമായാണ് പഴയരികണ്ടം സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ശിശുദിനാഘോഷങ്ങള്‍ക്കായി  ഇന്നലെ സ്‌കൂളില്‍ എത്തിയത്. വിദ്യാലയത്തിന്റെ മൂന്നു ക്ലാസ് മുറികളിലായി ഒരുക്കിയ ഭക്ഷ്യവസ്തുക്കളുടെ പ്രദര്‍ശനത്തില്‍ നൂറിലധിക വ്യത്യസ്ഥ വിഭവങ്ങളാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന പരിചയപ്പെടുത്തിയത്.് പുതുതലമുറക്ക് അത്ര പരിചയമില്ലാത്ത വിഭവങ്ങള്‍, 65 ഓളം ഇലക്കറികള്‍, കിഴങ്ങു വര്‍ഗങ്ങള്‍കൊണ്ടുള്ള വിഭവങ്ങള്‍, ചക്കകുരു പായസം, പപ്പായ മിക്‌സ്ച്ചര്‍, വിവിധതരം ചമന്തി, അവല്‍കപ്പ,എള്ളുബോളി, മത്തങ്ങയപ്പം തുടങ്ങിയ വിഭവങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശനത്തിനായി ഒരുക്കിയിരുന്നു.വീടുകളില്‍ നിന്നും പരമ്പരാഗത ഭക്ഷ്യരീതകള്‍ ചോദിച്ചറിഞ്ഞ് മാതാപിതാക്കളുടെ സഹായത്തോടെയാണ് വിഭവങ്ങള്‍ പ്രദര്‍ശനത്തിനായി എത്തിച്ചത്.

 

പുരാതനവസ്തുക്കളുടെ  പ്രദര്‍ശനം ശ്രദ്ധേയമായി

 

നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വസ്തുക്കളായിരുന്നു പ്രദര്‍ശനത്തിന്റെ മറ്റൊരു പ്രധാന ആഘര്‍ഷണം.ആറന്‍മുള കണ്ണാടി മുതല്‍ പഴമയുടെ നാണയങ്ങള്‍വരെ പ്രദര്‍ശവസ്തുകളില്‍ സ്ഥാനം പിടിച്ചു. ഇരുനൂറു വര്‍ഷത്തിലേറെ പഴക്കമുള്ള കല്‍ഭരണി ,കാഞ്ഞിരത്തിന്റെ തടിയില്‍ തീര്‍ത്ത  ഔഷധപെട്ടി എന്നിവ പഴമയുടെ പ്രതീകങ്ങളായി പ്രദര്‍ശന സ്റ്റാളില്‍ കൂടുതല്‍ ശ്രദ്ധനേടി. വിഷവീര്യമുള്ള ഔഷധങ്ങളായ രസം,ഗന്ധകം,ചായില്യം,ഗൗരിപാഷണം,മനയോല,രസകര്‍പ്പൂരം തുടങ്ങിയ ഔഷധങ്ങള്‍ ശുദ്ധി ചെയ്ത് സൂക്ഷിക്കുന്ന ഔഷധപെട്ടി വിദ്യാര്‍ത്ഥികളിലും കൗതുകമുണര്‍ത്തി.തൂക്കുവിളക്കുകള്‍, ഇടി ഉരല്‍,ഇറച്ചി കട്ടര്‍,ചമന്തിപലക, പഴയ റേഡിയോ,കടകോല്‍ തുടങ്ങിയവും പുരാവസ്തുക്കളുടെ പ്രദര്‍ശനത്തിന്റെ ഭാഗമായി സ്‌കൂളില്‍ ഒരുക്കിയിരന്നു.

 

date