Skip to main content

വര്‍ണ്ണാഭ റാലിയോടെ ശിശുദിനം ആഘോഷിച്ചു

 

 

ചാച്ചാജിയുടെ ജന്‍മദിനം വര്‍ണ്ണാഭമായി ജില്ലയില്‍ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ചെറുതോണിയില്‍ കുട്ടികള്‍ പങ്കെടുത്ത ശിശുദിന റാലി സംഘടിപ്പിച്ചു.ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും കുട്ടികളുടെ പ്രിയ ചാച്ചാജിയുമായ ജവഹര്‍ലാല്‍ നെഹ്‌റുവിന്  ആദരവ് അര്‍പ്പിച്ച് ആയിരത്തോളം കുട്ടികള്‍ റാലിയില്‍ അണിനിരന്നു. പത്തോളം സ്‌കൂളുകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളാണ് ശിശുദിനറാലിയില്‍ പങ്കെടുത്തത്.

വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍  മൈതാനത്തു നിന്നും ആരംഭിച്ച റാലി ചെറുതോണി ടൗണ്‍ ചുറ്റി തിരികെ സ്‌കൂളില്‍ സമാപിച്ചു. ജില്ലാകളക്ടര്‍ ജീവന്‍ ബാബു കെ പതാക ഉയര്‍ത്തിയതോടെ ശിശുദിനാഘോഷങ്ങളുടെ ജില്ലാതല പരിപാടികള്‍ക്ക് തുടക്കമായി.റാലിയുടെ ഫ്‌ളാഗ് ഓഫ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് നിര്‍വ്വഹിച്ചു. ശിശുദിനത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായുള്ള സ്റ്റാമ്പ് പ്രദര്‍ശനം എ ഡി സി ജനറല്‍ നിര്‍വ്വഹിച്ചു. ശിശുക്ഷേമ സമിതി സെക്രട്ടറി ജനാര്‍ദ്ദനന്‍, വാഴത്തോപ്പ്പഞ്ചായത്ത് അംഗങ്ങളായ പി.എസ്. സുനില്‍,  എം ജലാലുദിന്‍, കെ. ജയചന്ദ്രന്‍, കെ.ആര്‍. രാമചന്ദ്രന്‍, എം.ആര്‍ രഞ്ജിത്, റാണി സോഫി വിവിധ സ്‌കൂള്‍ അധ്യാപകര്‍ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.

 

ശിശുദിനത്തില്‍ കുട്ടികളുടെ നേതൃത്വത്തില്‍ പൊതുസമ്മേളം 

 

ജില്ലാ ശിശുക്ഷേമ സമതിയുടെ ആഭിമുഖ്യത്തില്‍  നടത്തിയ ജില്ലാതല ആഘോഷങ്ങളുടെ ഭാഗമായി ചെറുതോണിയില്‍ കുട്ടികളുടെ നേതൃത്വത്തില്‍ പൊതുസമ്മേളനം നടത്തി.ചെറുതോണി എച്ച് ആര്‍ സി ഹാളില്‍ നടന്ന പൊതുസമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രിയും കമ്പംമെട്ട് എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയുമായ പാദ്രോബെന്നി ഉദ്ഘാടനം ചെയ്തു.നവഭാരതത്തിന്റെ ചരിത്രത്തിലേക്ക്  പുതിയ ചരിത്രങ്ങള്‍ എഴുതേണ്ടവരായ കുഞ്ഞുങ്ങളുടെ ജീവിതത്തെ ഏറെ സ്‌നേഹിച്ച ചാച്ചാജിയുടെ ഓര്‍മകള്‍ പങ്കുവെച്ച പാദ്രോബെന്നി കാലങ്ങള്‍ക്കിപ്പുറവും ചാച്ചാജി കുട്ടികള്‍ക്കായി തെളിയിച്ചു നല്‍കിയ അണയാത്ത ദീപത്തിന്റെ പ്രകാശം  ലോകത്തിനായി പകരേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ജില്ലാതല ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ശിശുദിന റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ കുട്ടികളുടെ സ്പീക്കറായ കാല്‍വരി യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി അന്ന റോസ് അധ്യക്ഷത വഹിച്ചു. പുളിയന്‍മല കെ ഇ യു പി എസിലെ വിദ്യാര്‍ത്ഥിനി അമല ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി എസ് എം എല്‍ പി എസിലെ വിദ്യാര്‍ത്ഥിനി ഷേബ മരിയ ആന്റണി യോഗത്തില്‍ സ്വാഗതം പറഞ്ഞു. ശിശുദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളുടെ സമ്മാനദാനവും ചടങ്ങില്‍ നടന്നു. കുട്ടികളുടെ വിവിധ പരിപാടികളോടെയാണ് ശിശുദിന ആഘോഷങ്ങള്‍ സമാപിച്ചത്.

date