Skip to main content

ജില്ലയിലെ ഹാർബറുകളിലെ പരിമിതികൾക്ക്  പരിഹാരം തേടും: നിയമസഭാ സമിതി

 

കണ്ണൂർ ജില്ലയിലെ ഫിഷിംഗ് ഹാർബറുകളിലെ പരിമിതികൾക്ക് പരിഹാരം തേടുമെന്ന് മത്സ്യത്തൊഴിലാളികളുടെയും അനുബന്ധതൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി അറിയിച്ചു. സമിതി ചെയർമാൻ സി. കൃഷ്ണൻ, അംഗം കെ. ദാസൻ എന്നിവരടങ്ങിയ സംഘം അഴീക്കൽ, ആയിക്കര, തലായി ഹാർബറുകൾ സന്ദർശിച്ചു. മത്സ്യത്തൊഴിലാളികളും സംഘടനാ നേതാക്കളും സമിതി സിറ്റിംഗിൽ വിവിധ പരാതികളും പ്രശ്‌നങ്ങളും ഉന്നയിച്ചു. 

അഴീക്കൽ പുലിമുട്ടിൽ സോളാർ വിളക്കുകൾ ഉടൻ സ്ഥാപിക്കുമെന്നും ശുചിമുറികൾ ഒരു മാസത്തിനകം മത്സ്യത്തൊഴിലാളികൾക്കായി തുറന്നു നൽകുമെന്നും ഹാർബർ എൻജിനീയറിംഗ് അധികൃതർ സമിതിയെ അറിയിച്ചു. അഴീക്കലിലെ പഴക്കം ചെന്ന വാർഫിന്റെ ശോച്യാവസ്ഥ സമിതി നേരിൽ കണ്ടു. വാർഫിന്റെ നവീകരണത്തിനായി പ്രൊപ്പ്രോസൽ സമർപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഹാർബറിലെ സ്ഥലപരിമിതി സംബന്ധിച്ച് മത്സ്യത്തൊഴിലാളികൾ സമിതിയെ ധരിപ്പിച്ചു. 

ആയിക്കര ഹാർബറിൽ ഡ്രഡ്ജിംഗ് നടത്തുന്നതിനുള്ള ബാർജ് ഒരാഴ്ചയ്ക്കകം എത്തുമെന്ന് ഹാർബർ എൻജിനീയിംഗ് അധികൃതർ സമിതിയെ അറിയിച്ചു. പുതിയ പുലിമുട്ട് സ്ഥാപിക്കുന്നതിനായി വീണ്ടും പഠനം നടത്തുമെന്നും അറിയിച്ചു. പുലിമുട്ടിന്റെ രൂപരേഖ അന്തിമമാക്കുന്നതിനു മുമ്പായി പ്രദേശത്തെ പരിചയസമ്പന്നരായ മത്സ്യത്തൊഴിലാളികളുടെ നിർദേശങ്ങൾ കൂടി പരിഗണിക്കണമെന്ന് സമിതി നിർദേശിച്ചു. 

കടലോരത്ത് തീരദേശ നിയന്ത്രണ നിയമം സംബന്ധിച്ച ദൂരപരിധി പുതിയ നിർമ്മാണത്തിന് നിർബന്ധമായി ബാധകമാക്കണമെന്ന് സമിതി ചെയർമാൻ സി. കൃഷ്ണൻ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിൽ പറഞ്ഞു. അതേസമയം, താമസിക്കാൻ സ്ഥലമില്ലാത്തവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടേണ്ടതുണ്ട്. സുനാമിയുടെയും ഓഖി ദുരന്തത്തിന്റെയും പശ്ചാത്തലത്തിൽ പാരിസ്ഥിതിക പ്രശ്‌നം കണക്കിലെടുത്താവണം പുതിയ നിർമ്മാണം. അതുപോലെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറക്കാനും ശ്രദ്ധിക്കണം. പ്ലാസ്റ്റിക് കടലിൽ അടിയുന്നത് മത്സ്യപ്രജനനത്തെയും മത്സ്യബന്ധനത്തെയും സാരമായി ബാധിക്കുന്നു. നമുക്ക് വേണ്ടിത്തന്നെയാണ് പ്ലാസ്റ്റിക് നിയന്ത്രണം കൊണ്ടുവരുന്നത്.

സംസ്ഥാനത്ത് 6500 കോടി രൂപ ചെലവഴിച്ച് തീരദേശ റോഡ് നിർമ്മിക്കുകയാണ്. 600 കിലോ മീറ്റർ വരുന്ന കേരള തീരത്തെ ബന്ധിപ്പിച്ചുവരുന്ന തീരദേശപാത മത്സ്യത്തൊഴിലാളികൾക്ക് ചരക്കുഗതാഗതത്തിനും ടൂറിസത്തിനും പ്രയോജനപ്പെടും. 14 മീറ്റർ വീതിയിലുള്ള റോഡിൽ രണ്ട് മീറ്റർ സൈക്കിൾ പാതയായിരിക്കും. തീരദേശ റോഡിനായി മതിയായ നഷ്ടപരിഹാരം നൽകി സ്ഥലം ഏറ്റെടുക്കും. തീരദേശത്ത് പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്നവരേയും പുനരധിവസിപ്പിക്കും. മൂന്ന് വർഷത്തിനകം ഇതിന്റെ നിർമ്മാണം പൂർത്തിയാക്കുമെന്നും സമിതി ചെയർമാൻ അറിയിച്ചു.

മത്സ്യത്തൊഴിലാളി അപകട ഇൻഷൂറൻസ് പദ്ധതിയിൽ അംഗമായവർ മത്സ്യബന്ധനത്തിനിടെ ഹൃദ്രോഗം മൂലം മരിച്ചാൽ പരമാവധി രണ്ട് ലക്ഷം രൂപ വരെ സഹായം നൽകുന്ന പദ്ധതി മത്സ്യഫെഡ് കഴിഞ്ഞ സെപ്റ്റംബർ മുതൽ നടപ്പിലാക്കി വരുന്നതായി അധികൃതർ അറിയിച്ചു. ഇൻഷൂറൻസ് പദ്ധതിയിൽ അംഗമല്ലാത്തവർക്ക് പരമാവധി ഒരു ലക്ഷം രൂപയും നൽകുന്നു. മത്സ്യഫെഡ് നേരിട്ട് മത്സ്യവിൽപന ബൂത്തുകൾ നടത്തി വരുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങൾ സ്ഥലം നൽകിയാൽ കണ്ണൂർ ജില്ലയിലും ബൂത്തുകൾ സ്ഥാപിക്കും. മത്സ്യത്തൊഴിലാളികൾക്കുള്ള നാല് മാസത്തെ മണ്ണെണ്ണ സബ്‌സിഡി കുടിശ്ശിക ഉടൻ നൽകുമെന്നും മത്സ്യഫെഡ് അറിയിച്ചു. ജില്ലയിൽ രജിസ്റ്റർ ചെയ്ത 6769 മത്സ്യത്തൊഴിലാളികളും 1719 അനുബന്ധ ത്തൊഴിലാളികളുമാണുള്ളതെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. 

യോഗത്തിൽ എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി.പി. കുഞ്ഞിരാമൻ, മത്സ്യഫെഡ് ഭരണസമിതി അംഗം പി.എ രഘുനാഥൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എം. ശ്രീകണ്ഠൻ, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

 

date