Skip to main content

കോളനികളിലെ ആവശ്യങ്ങൾ ചർച്ച ചെയ്ത്  ജില്ലാ പഞ്ചായത്ത് പദ്ധതി രൂപീകരണ യോഗം

 

പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് 2019-20 വർഷത്തെ വാർഷിക പദ്ധതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ ചേർന്നു. കാർഷിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ വിദഗ്ധർ, എസ് സി -എസ് ടി പ്രമോട്ടർമാർ,  എൻ ജി ഒ മാർ, വിവിധ മേഖലകളിലെ ഗുണഭോക്താക്കൾ, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആസൂത്രണസമിതി അംഗം കെ വി ഗോവിന്ദൻ പദ്ധതി വിശദീകരിച്ചു. 

ആദിവാസി മേഖലകളിലെ പ്രശ്‌നങ്ങൾ പഠിച്ച് പരിഹാരം കാണുന്നതിന് മുൻതൂക്കം നൽകാൻ യോഗത്തിൽ നിർദ്ദേശമുയർന്നു. കോളനികളിലെ കുട്ടികൾ സ്‌കൂളുകളിൽ പോവാത്ത അവസ്ഥ പരിഹരിക്കാനും പിടിമുറുക്കുന്ന ലഹരി ഉപയോഗങ്ങൾ തടയാനും പദ്ധതികൾ രൂപപ്പെടുത്തുക, വയോജനങ്ങൾ - ഗർഭിണികൾ എന്നിവർക്കായി നടപ്പിലാക്കിയ പദ്ധതികൾ തുടരുക, ക്യാൻസർ  പ്രതിരോധ പ്രവർത്തനങ്ങൾ തുടരുക തുടങ്ങിയ നിർദ്ദേശങ്ങൾ ഉയർന്നു. പ്രളയാനന്തര കേരള പുനർനിർമ്മിതിയുടെ ചുവടുപിടിച്ച് ഇന്നത്തെ കാലത്തിന് അനുയോജ്യമായ രീതിയിയിൽ ആദിവാസി മേഖലകളിലുള്ളവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന പദ്ധതി പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് ജില്ലാ പഞ്ചായത്ത് പ്രാധാന്യം നൽകുന്നത്. പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ വിവിധ മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ച് യോഗങ്ങൾ ചേരും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ പി ജയബാലൻ, ടി ടി റംല, വി കെ സുരേഷ്ബാബു, അൻസാരി തില്ലങ്കേരി എന്നിവർ സംസാരിച്ചു.

 

date