Skip to main content

പത്തുവർഷത്തെ വാഹന നികുതി തവണകളായി അടക്കാം

 

2014  ഏപ്രിൽ ഒന്നിന് ശേഷം രജിസ്റ്റർ ചെയ്തതും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം 15 വർഷത്തെ ഒറ്റത്തവണ നികുതിക്ക് പകരം അഞ്ച് വർഷത്തേക്ക് നികുതി അടച്ചതുമായ വാഹന ഉടമകൾക്ക് ബാക്കി പത്തുവർഷത്തെ നികുതി തവണകളായി അടക്കാമെന്ന് ആർ ടി ഒ അറിയിച്ചു.  പത്തുവർഷത്തെ നികുതിയും 2018 നവംബർ 30 വരെയുള്ള അധിക നികുതിയും പലിശയും ചേർത്ത തുക മൂന്നു തുല്യ ഗഡുക്കളായി അടക്കാം.  ആദ്യ ഗഡു നവംബർ 30നകവും രണ്ടാംഗഡു ജനുവരി 30 നകവും മൂന്നാം ഗഡു മാർച്ച് 30 നകവും അടക്കാവുന്നതാണ്.

പത്തുവർഷത്തെ ബാക്കിയുള്ള നികുതിയുടെ ആദ്യത്തെ രണ്ടുവർഷത്തെ നികുതിയുടെ അമ്പത് ശതമാനമാണ് അധിക നികുതി.  പത്ത് വർഷത്തെ ആകെ നികുതിയുടെ 15 ശതമാനമാണ് പലിശ.  മോട്ടോർ കാബ്, ടൂറിസ്റ്റ് ടാക്‌സി എന്നിവക്കുള്ള ബാക്കി 10 വർഷത്തെ നികുതി ഒരുമിച്ചോ തവണകളായോ അടക്കാം.  ആദ്യ ഗഡു നവംബർ 30 നകം അടക്കാത്ത വാഹനങ്ങൾക്ക് ക്ലിയറൻസ് നൽകില്ല. വാഹനങ്ങൾക്കെതിരെ റവന്യൂ റിക്കവറി നടപടിയും സ്വീകരിക്കും.  നിലവിൽ റവന്യൂ റിക്കവറി നടപടികൾ സ്വീകരിച്ച വാഹനങ്ങൾക്ക് നടപടികൾ ഒഴിവാക്കി തവണ വ്യവസ്ഥയിൽ നികുതി അടക്കണമെങ്കിൽ താലൂക്ക് ഓഫീസിൽ ഫീസ് അടച്ചിരിക്കണം.

തവണവ്യവസ്ഥയിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നിലവിലുള്ള നിയമം അനുസരിച്ച് ബാക്കി നികുതിയും നികുതി അടക്കുന്നതുവരെയുള്ള അധിക നികുതി, പലിശ എന്നിവയും ഉൾപ്പെടുത്തി റവന്യൂറിക്കവറി നടപടികൾ സ്വീകരിക്കുന്നതാണ്.  വിശദ വിവരങ്ങൾക്ക് ആർ സി ബുക്കിന്റെ പകർപ്പുമായി തലശ്ശേരി, തളിപ്പറമ്പ്, ഇരിട്ടി, കണ്ണൂർ ആർ ടി ഒ ഓഫീസുകളിൽ ബന്ധപ്പെടേണ്ടതാണ്.

 

date